നിക്കി ഹേലിയെ പിന്തുണച്ചിരുന്ന പി എ സി അവരുടെ നിർദേശം അവഗണിച്ചു വൈസ് പ്രസിഡന്റ് കമലാ ഹാരിസിനു പിന്തുണ പ്രഖ്യാപിച്ചു. ഡൊണാൾഡ് ട്രംപിനെതിരെ റിപ്പബ്ലിക്കൻ പ്രൈമറികളിൽ കടുത്ത പോരാട്ടം നടത്തിയ ഹേലി പിന്നീട് അദ്ദേഹത്തിനു പിന്തുണ നൽകിയപ്പോൾ PIVOTPAC എന്ന പി എ സിയോട് പ്രവർത്തനം നിർത്താൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ‘Haley Voters for Biden’ എന്ന മുദ്രാവാക്യം തിരുത്തി ‘Haley Voters for Harris’ എന്നാക്കി തുടരാനാണ് അവർ തീരുമാനിച്ചത്. തന്റെ പേരു ചേർത്തു ഹാരിസിനെ എൻഡോഴ്സ് ചെയ്യരുതെന്നു ഹേലി അവരോടു ആവശ്യപ്പെട്ടിരുന്നു.ഏതാണ്ട് 7,000 അംഗങ്ങളുള്ള പി എ സി ട്രംപ് വിരുദ്ധ ഗ്രൂപ്പുകളിൽ നിന്ന് $400,000 ശേഖരിച്ചിട്ടുണ്ട്. ട്രംപിനെതിരെ ഹേലിക്കൊപ്പം നിന്നവരോട് ഹാരിസിനു വോട്ട് ചെയ്യാൻ അവർ നിർദേശിക്കുന്നു.
എന്നാൽ അവർ ഹേലിയുടെ പേര് ഉപയോഗിക്കുന്നത് തെറ്റായ നീക്കമാണെന്ന് ഹേലിയുടെ അഭിഭാഷകർ പറയുന്നു. നിയമനടപടി എടുക്കും എന്ന താക്കീതു നൽകിയപ്പോൾ അടിച്ചമർത്താൻ നോക്കേണ്ട എന്നായിരുന്നു ഗ്രൂപ്പിന്റെ പ്രതികരണം. ഹാരിസ് തീർച്ചയായും രാജ്യം ആഗ്രഹിക്കുന്ന സ്ഥാനാർഥിയാണെന്നു അവർ പറയുന്നു. ഹേലിയുടെ കൂടെ നിന്നിരുന്ന മിക്കവരും അങ്ങിനെയാണ് കാണുന്നതെന്നും അവർ വാദിക്കുന്നു.അവരുടെ പിന്തുണയെ ഹാരിസ് കാമ്പയ്ൻ സ്വാഗതം ചെയ്തു.