/sathyam/media/media_files/2025/08/21/bvvvc-2025-08-21-03-23-12.jpg)
ന്യൂ യോർക്കിൽ ഞായറാഴ്ച്ച നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ ദിന വാർഷിക ആഘോഷത്തിൽ ആയിരക്കണക്കിനു ഇന്ത്യൻ അമേരിക്കൻ പൗരന്മാർ ഒത്തു ചേർന്നു. വാർഷിക ഇന്ത്യ ഡേ പരേഡ് സംഘടിപ്പിച്ചത് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (എഫ് ഐ എ) ആണ്.
ചലച്ചിത്ര താരങ്ങൾ രശ്‌മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ആണ് ഈ വർഷത്തെ പരേഡിൽ ഗ്രാൻഡ് മാർഷലുകളായത്. കോൺഗ്രസ് അംഗം റെപ്. ശ്രീ തനെദാർ, മേയർ എറിക് ആഡംസ് എന്നിവരും പങ്കെടുത്തു.
'വികസിത് ഭാരത് 2047' എന്ന ഫ്‌ളോട്ട് കോൺസലേറ്റ് ജനറൽ ഓഫ് ഇന്ത്യ അവതരിപ്പിച്ചു. സാങ്കേതിക രംഗത്തും അടിസ്ഥാന സൗകര്യങ്ങളിലും ഡിജിറ്റൽ പുരോഗതിയിലും രാജ്യം കൈവരിച്ച നേട്ടങ്ങൾ അതിൽ പ്രകടമായി.
പരേഡിൽ പങ്കെടുത്ത രാജ്യസഭാംഗം സത്നാം സിംഗ് സന്ധു പറഞ്ഞു: "ന്യൂ യോർക്കിൽ ഈ ആഘോഷത്തിനു പ്രവാസികൾ ഇത്രയധികം കൂട്ടമായി ഒത്തുചേരുന്നത് അഭിമാനകരമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ന്യൂ യോർക്ക് മേയറും പങ്കെടുക്കുന്നു."
എഫ് ഐ എ ചെയർമാൻ അങ്കുർ വൈദ്യ പറഞ്ഞു: "അഭിമാനം നിറയുന്നു, ഉത്തരവാദിത്തവും. സമൂഹത്തിലെ അംഗങ്ങളുമായി ഇങ്ങിനെ കൂടി ചേരുമ്പോൾ നിറയെ അഭിമാനമാണ്. വലിയൊരു പങ്കാളിത്തമാണ് ഈ ആഘോഷത്തിന്. ഇന്ത്യ ലോകത്തെ മൂന്നാം സമ്പദ് വ്യവസ്ഥ ആവുകയാണ്. അതു കൊണ്ടു രണ്ടു രാജ്യങ്ങൾക്കുമിടയിൽ പാലമാകുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്."
ശ്രീ കൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായി ഇസ്കോൺ ന്യൂ യോർക്കിൽ രഥയാത്ര സംഘടിപ്പിച്ചു. ആയിരക്കണക്കിനു ഭക്തർ പങ്കെടുത്തു.
ഇന്ത്യൻ കോൺസലേറ്റ് എക്‌സിൽ കുറിച്ചു: "ന്യൂ യോർക്ക് ഇന്ത്യ ഡേ പരേഡിൽ സ്വാതന്ത്ര്യത്തിന്റെ 79ആം വാർഷികം ആഘോഷിക്കുന്നു. ഇന്ത്യക്കു പുറത്തെ ഏറ്റവും വലിയ സ്വാതന്ത്ര്യ ദിനാഘോഷമാണിത്.
" റെപ്. ശ്രീ തനെദാർ, മേയർ എറിക് ആഡംസ്, രാജ്യസഭാംഗം സത്നാം സിംഗ് സന്ധു എന്നിവർക്ക് ആത്മാർഥമായ നന്ദി. ആഘോഷം സംഘടിപ്പിച്ചതിനു എഫ് ഐ എ ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി ചാപ്റ്ററുകൾക്കും."