അമേരിക്ക പിടിച്ചെടുത്ത റഷ്യൻ എണ്ണടാങ്കറിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ

New Update
D

മോസ്കോ: വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ അമേരിക്കൻ സൈന്യം പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള എണ്ണടാങ്കറിലെ ജീവനക്കാരിൽ മൂന്ന് ഇന്ത്യൻ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. റഷ്യൻ മാധ്യമമായ ആർടി ഉദ്ധരിച്ച സ്രോതസ്സുകൾ പ്രകാരം, കപ്പലിൽ ആകെ 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

Advertisment

ഇതിൽ 17 ഉക്രൈൻ പൗരന്മാർ, ആറു ജോർജിയൻ പൗരന്മാർ, മൂന്ന് ഇന്ത്യൻ പൗരന്മാർ, രണ്ട് റഷ്യൻ പൗരന്മാർ എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.

വെനിസ്വേലയ്ക്കടുത്ത് ഉപരോധത്തിന് വിധേയമായ എണ്ണടാങ്കറുകൾക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കുകൾ രണ്ടാഴ്ചക്കാലത്തിലേറെയായി ഒഴിവാക്കിയെന്ന ആരോപണത്തെ തുടർന്നാണ് റഷ്യൻ പതാകയിലുള്ള ടാങ്കർ ‘മാരിനെറ' (മുൻ പേര് 'ബെല്ലാ 1') ബുധനാഴ്ച വടക്കൻ അറ്റ്ലാന്റ്റിക് സമുദ്രത്തിൽ പിടിച്ചെടുത്തത്. അമേരിക്കൻ കോസ്റ്റ് ഗാർഡിന്റെ യുദ്ധക്കപ്പൽ ആഴ്ചകളോളം പിന്തുടർന്ന ശേഷമാണ് നടപടി ഉണ്ടായത്.

സംഭവത്തിൽ മോസ്കോ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അന്താരാഷ്ട്ര ജലപരിധിയിൽ, പ്രത്യേകിച്ച് മറ്റൊരു രാജ്യത്തിന്റെ നിയമപരമായ അധികാരപരിധിയിൽ രജിസ്റ്റർ ചെയ്ത കപ്പലുകൾക്കെതിരെ ബലം പ്രയോഗിക്കാൻ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് റഷ്യ വ്യക്തമാക്കി. ടെലഗ്രാമിലൂടെ പുറത്തിറക്കിയ പ്രസ്‌താവനയിൽ, റഷ്യയുടെ ഗതാഗത മന്ത്രാലയം, 2025 ഡിസംബർ 24ന് 'മാരിനെറ’ എന്ന ടാങ്കറിന് റഷ്യൻ ഫെഡറേഷൻ പതാകയിൽ സഞ്ചരിക്കാൻ താൽക്കാലിക അനുമതി നൽകിയിരുന്നുവെന്നും, ഇത് റഷ്യൻ നിയമത്തിനും അന്താരാഷ്ട്ര നിയമത്തിനും അനുസൃതമായിരുന്നുവെന്നും അറിയിച്ചു.

മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, മോസ്കോ സമയം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ, ഭൗമപരിധിക്ക് പുറത്തുള്ള അന്താരാഷ്ട്ര ജലാതിർത്തിയിലുള്ള കപ്പലിൽ അമേരിക്കൻ നാവികസേന കയറിയതായും, തുടർന്ന് കപ്പലുമായുള്ള ബന്ധം നഷ്ട‌പ്പെട്ടതായും അറിയിച്ചു. 1982ലെ ഐക്യരാഷ്ട്രസഭയുടെ കൺവെൻഷൻ ഓഫ് ലോ ഓഫ് സീസ് പ്രകാരം അന്താരാഷ്ട്ര ജല സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും, നിയമപരമായി രജിസ്റ്റർ ചെയ്ത കപ്പലുകൾക്കെതിരെ ബലം പ്രയോഗിക്കാൻ മറ്റുരാജ്യങ്ങൾക്ക് അവകാശമില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

അതേസമയം, അമേരിക്കൻ യൂറോപ്യൻ കമാൻഡ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ, ടാങ്കർ അമേരിക്കൻ ഉപരോധം ലംഘിച്ചതായും, അമേരിക്കൻ ഫെഡറൽ കോടതിയിൽ നിന്ന് ലഭിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് കപ്പൽ പിടിച്ചെടുത്തതെന്നും അറിയിച്ചു. ടാങ്കർ മുൻപ് അമേരിക്കൻ കോസ്റ്റ് ഗാർഡിന്റെ ‘മുൻറോ’ പിന്തുടർന്നിരുന്നതായും എന്ന കപ്പൽ വിശദീകരിച്ചു. 2024ൽ ഉപരോധത്തിന് വിധേയമായ 'ബെല്ലാ 1' എന്ന ടാങ്കറിനാണ് പിന്നീട് ‘മാരിനെറ' എന്ന് പേരിട്ടത്.

കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ, ടാങ്കറിലുണ്ടായിരുന്ന റഷ്യൻ പൗരന്മാർക്ക് മാനുഷികവും മാന്യവുമായ പെരുമാറ്റം ഉറപ്പാക്കണമെന്ന് മോസ്കോ വാഷിങ്‌ടണിനോട് ആവശ്യപ്പെട്ടു. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ഉദ്ധരിച്ച പ്രസ്താവനയിൽ, റഷ്യൻ വിദേശകാര്യ മന്ത്രാലയം സംഭവവികാസങ്ങൾ സൂക്ഷ്മ‌മായി നിരീക്ഷിച്ചുവരികയാണെന്നും, ജീവനക്കാരിൽ റഷ്യൻ പൗരന്മാർ ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. അവരുടെ സുരക്ഷയും നിയമപരമായ അവകാശങ്ങളും പൂർണമായി സംരക്ഷിക്കണമെന്നും, തടസ്സങ്ങളില്ലാതെ ഉടൻ റഷ്യയിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നും മോസ്കോ ആവശ്യപ്പെട്ടു.

Advertisment