കാനഡയിലെ ന്യൂബ്രൺസ് വിക്കിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. ജൂലൈ 27-ന് രാത്രി ഒമ്പതരയോടെ മിൽ കോവിലെ ഹൈവേ 2-ലാണ് അപകടം. ഡ്രൈവറും മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികളും സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ഒരു ടയർ ഊരിപ്പോയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയും ഹൈവേയിൽ നിന്ന് തെന്നിമാറി മറിയുകയായിരുന്നു.
പഞ്ചാബ് ലുധിയാനയിലെ മലൗദ് ഗ്രാമത്തിൽ നിന്നുള്ള സഹോദരങ്ങളായ ഹർമൻ സോമൽ (23), നവ്‌ജോത് സോമൽ (19) എന്നിവരും പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ സമാനയിൽ നിന്നുള്ള രശ്ംദീപ് കൗർ (23) എന്നിവരാണ് മരിച്ചത്. മോങ്ക്ടണിലെ ഡേകെയറിൽ ജോലി ചെയ്തുവരികയായിരുന്നു ഹർമൻ സോമൽ.
ഏതാനം മാസങ്ങൾക്ക് മുമ്പാണ് നവ്‌ജോത് സോമൽ സ്റ്റുഡൻ്റ് വീസയിൽ കാനഡയിൽ എത്തിയത്.അപകടത്തിൽ പരുക്കേറ്റ ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ അന്വേഷണം ആരംഭിച്ചു. മൂവരുടെയും മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാൻ സഹായിക്കുന്നതിന് GoFundMe ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.
അപകടങ്ങളിലും ആക്രമണങ്ങളിലുമായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 633 ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്ത് മരിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റ കണക്കുകൾ പറയുന്നു കാനഡയിലാണ് ഏറ്റവും കൂടുതൽ മരണം 172, യുഎസിൽ 108 പേർ.