/sathyam/media/media_files/2025/12/17/d-2025-12-17-05-10-12.jpg)
ഡാലസ്: മൂന്ന് വയസ്സുള്ള ആൺകുട്ടിക്ക് സ്‌കൂളിൽ വെച്ച് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ സ്കൂളിനെതിരെ നിയമനടപടിയുമായി മാതാപിതാക്കൾ. റോക്ക്‌വാളിലെ ഗാലക്‌സി റാഞ്ച് പ്രൈവറ്റ് സ്‌കൂളിനെതിരെയാണ് ഡാലസ് കൗണ്ടി കോടതിയിൽ ടോണി, കെയ്ഷാ സോണ്ടേഴ്‌സ് ദമ്പതികൾ സിവിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
അലക്ഷ്യമായ ശിക്ഷണ നടപടികളും മേൽനോട്ടമില്ലായ്മയുമാണ് മകന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതെന്ന് ആരോപിച്ചാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചിരിക്കുന്നത്. 2024 മാർച്ചിലുണ്ടായ അപകടത്തിൽ കുട്ടിക്ക് തലയോട്ടിക്ക് പൊട്ടൽ, തലച്ചോറിൽ ആന്തരിക രക്തസ്രാവം എന്നിവ അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് അടിയന്തര ചികിത്സയും ദീർഘകാല ആശുപത്രിവാസവും വേണ്ടിവന്നതായി ഹർജിയിൽ ആരോപിക്കുന്നു.
ഒരു കെയർ ടേക്കർ കുട്ടിയെ ബലമായി പിടിച്ച് മാറ്റിയപ്പോൾ തല ബാത്ത്‌റൂമിന്റെ വാതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. ക്ലാസ് മുറിയിൽ പാൽ മറിഞ്ഞതുമായി ബന്ധപ്പെട്ട സംഭവമാണ് ഇതിലേക്ക് നയിച്ചതെന്നും ഹർജിയിൽ പറയുന്നു. തലയ്ക്ക് പരുക്കേറ്റതിന് ശേഷം ഏകദേശം ഒരു മണിക്കൂറോളം കഴിഞ്ഞാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.
പരുക്കേറ്റതിന് ശേഷം കെയർ ടേക്കർ കുട്ടിയുടെ തലയിൽ പലതവണ പുതപ്പിടാൻ ശ്രമിക്കുകയും ഉറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്തതായി സിസിടിവി ദൃശ്യങ്ങൾ സഹിതം നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കുട്ടി പ്രതികരിക്കാതെ വന്നപ്പോഴാണ് അടിയന്തര സഹായത്തിനായി 911ൽ വിളിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കെയർ ടേക്കറായ ജെയ്ഡൻ ഗ്രേസ് ലെസ്‌ലിയെ കുട്ടിയെ പരുക്കേൽപ്പിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും കുട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങൾ കണ്ടപ്പോൾ തന്നെ 911ൽ വിളിക്കുകയും തുടർന്ന് മാതാപിതാക്കളെ അറിയിച്ചെന്നുമാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. കൂടാതെ, കുട്ടിക്ക് സ്‌കൂളിൽ വെച്ചാണ് പരുക്കേറ്റതെന്നതിന് തെളിവില്ലെന്നും, സ്‌കൂളിൽ എത്തുന്നതിന് മുൻപേ പരുക്കേൽക്കാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു. എന്നാൽ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്‌കൂളിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് മാതാപിതാക്കളുടെ അഭിഭാഷകൻ വാദിക്കുന്നു. ഈ സംഭവത്തിൽ ഒരു മില്യൻ ഡോളറിലധികം നഷ്ടപരിഹാരമാണ് മാതാപിതാക്കൾ സ്‌കൂളിൽ നിന്ന് ആവശ്യപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us