ഭീകരരിൽ നിന്നു യാത്രക്കാർക്കു സംരക്ഷണം നൽകാനുള്ള 'ക്വയറ്റ് സ്‌കൈസ്' പ്രോഗ്രാം ട്രംപ് ഭരണകൂടം നിർത്തലാക്കുന്നു. സംശയം ഉള്ളവർക്കൊപ്പം വിമാനങ്ങളിൽ എയർ മാർഷൽമാരെ നിയോഗിക്കാൻ വർഷം തോറും $200 മില്യൺ ചെലവ് വരുന്ന പരിപാടി ദുരുപയോഗം ചെയ്‌തെന്ന് ആരോപണം ഉയർന്നിരുന്നു.
ഭീകര ബന്ധം ഇല്ലാത്ത യാത്രക്കാർക്കും ദുരിതം നേരിട്ട പരിപാടിക്ക് അത്രയും പണം ചെലവാക്കിയിട്ടും ഒരൊറ്റ ഭീകരാക്രമണം പോലും തടഞ്ഞിട്ടില്ലെന്നു ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ചൂണ്ടിക്കാട്ടി. നികുതിദായകരുടെ പണം വെറുതെ പാഴാക്കിയെന്നു അവർ പറഞ്ഞു.
ഇപ്പോൾ ഡയറക്റ്റർ ഓഫ് നാഷനൽ ഇന്റലിജൻസ് ആയ തുൾസി ഗാബർഡ് ഭർത്താവ് എബ്രഹാം വില്യംസുമൊത്തു കഴിഞ്ഞ വർഷം ഡോണൾഡ് ട്രംപിന്റെ തിരഞ്ഞടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുമ്പോൾ മാർഷലുകൾ അവരെ പിന്തുടർന്നു നിരീക്ഷിച്ചു എന്ന പരാതിയുണ്ട്. ബൈഡൻ ഭരണകൂടം രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കാൻ ഈ സൗകര്യം ഉപയോഗിച്ചെന്നു നോം ആരോപിച്ചു.
2010ൽ ഈ പ്രോഗ്രാം ആരംഭിച്ചെങ്കിലും 2018ലാണ് അതേപ്പറ്റി ജനം അറിയുന്നത്. 'ബോസ്റ്റൺ ഗ്ലോബ്' ആണ് അക്കാര്യം പുറത്തു വിട്ടത്. വിമാനത്താവളങ്ങളിലും ഫ്ലൈറ്റുകളിലും ആളുകളെ പിന്തുടരുന്ന പരിപാടി ആയിരുന്നു അത്.