അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകുന്ന ലോസ് ഏഞ്ചലസിന്റെ നയം ഫെഡറൽ നിയമങ്ങൾ നടപ്പാക്കാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നു എന്നു ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം നഗരത്തിനും മേയർ കാരൻ ബാസിനും മറ്റു ഉദ്യോഗസ്ഥർക്കുമെതിരെ കേസ് കൊടുത്തു.
ലോസ് ഏഞ്ജലസ് സിറ്റി കൗൺസിൽ പ്രസിഡന്റ് മാർക്കേസ് ഹാരിസ്-ഡേവിഡ്‌സണും കേസിൽ കുറ്റാരോപിതനാണ്. "ഫെഡറൽ ഇമിഗ്രെഷൻ അധികൃതരെ ജോലി ചെയ്യുന്നതിൽ നിന്നു തടയാൻ കരുതിക്കൂട്ടി ആവിഷ്കരിച്ച നിയമങ്ങളും നയങ്ങളുമാണ് അഭയ നഗരങ്ങളിൽ നടപ്പാക്കുന്നത്," പരാതിയിൽ പറയുന്നു.
യുഎസ് അറ്റോണി ജനറൽ പാം ബോണ്ടി ചലച്ചിത്ര നഗരത്തിന്റെ നയങ്ങളെ അധിക്ഷേപിച്ചു. "അഭയ നഗര നയങ്ങളാണ് അമേരിക്ക അടുത്തിടെ കണ്ട അരാജകത്വം ഉണ്ടാക്കിയത്. നിയമപാലകർക്കു നേരെ അക്രമവും അരാജകത്വവും ആക്രമണങ്ങളും കണ്ടു.
"അനധികൃത വിദേശികൾക്കു മുൻഗണന നൽകുന്ന ലോസ് ഏഞ്ചലസ് പോലുള്ള പ്രദേശങ്ങളിൽ എല്ലാ തലങ്ങളിലും നിയമം നടപ്പാക്കുന്നത് തടയുകയാണ്. പ്രസിഡന്റ് ട്രംപിന്റെ ഭരണത്തിൽ അത് അവസാനിക്കും."
ഹിസ്പാനിക്കുകൾക്കു ഭൂരിപക്ഷമുള്ള പാരമൗണ്ട് മേഖലയിൽ ഐ സി ഇ അറസ്റ്റ് നടത്താൻ ശ്രമിച്ചപ്പോഴാണ് ജൂൺ ആദ്യം അവിടെ കലാപമുണ്ടായത്. നഗരത്തിലെ നികുതിദായകർക്കു $30 മില്യണിലധികം നഷ്ടമുണ്ടായി എന്നു കരുതപ്പെടുന്നു.
അഭയനഗര നിയമം നടപ്പാക്കുന്നത് തടയണം എന്നാണ് ഭരണകൂടം അപേക്ഷയിൽ ആവശ്യപ്പെടുന്നത്.