പുതുവത്സര ദിനത്തിൽ ന്യൂ ഓർലിയൻസ് നഗരത്തിൽ ഉണ്ടായ ഭീകരാക്രമണം അനധികൃത കുടിയേറ്റത്തിന്റെ ഫലമാണെന്ന നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണം അദ്ദേഹത്തിന്റെ അനുയായികളും ഫോക്സ് ന്യൂസ് പോലുള്ള വാർത്താ ചാനലുകളും ഏറ്റെടുത്തു.
അമേരിക്കയിൽ ജനിച്ചു വളർന്നു പൗരത്വം നേടിയ, യുഎസ് ആർമി അംഗമായിരുന്ന, ഷംസുദീൻ ജബ്ബാർ എന്ന തീവ്രവാദിയാണ് കൂട്ടക്കൊല നടത്തിയതെങ്കിലും അയാൾ മെക്സിക്കോയിൽ നിന്ന് അനധികൃതമായി കടന്നു വന്നയാൾ ആണെന്നു വരെ ആരോപണം നീണ്ടു.
തിരഞ്ഞെടുപ്പിൽ താൻ മുഖ്യ വിഷയമാക്കിയ അനധികൃത കുടിയേറ്റത്തിന്റെ വിപത്താണ് ഈ സംഭവമെന്നു സ്ഥാപിക്കാൻ ശ്രമിച്ചു ട്രംപ് പറഞ്ഞു: "നമ്മുടെ രാജ്യത്തുള്ള ക്രിമിനലുകളെക്കാൾ വളരെ വഷളാണ് അതിർത്തി കടന്നു വരുന്ന ക്രിമിനലുകൾ എന്നു ഞാൻ പറഞ്ഞിരുന്നു. ഡെമോക്രറ്റുകളും വ്യാജ വാർത്താ മാധ്യമങ്ങളും അത് നിഷേധിക്കാൻ ശ്രമിച്ചു. ഇപ്പോൾ പക്ഷെ അത് സത്യമായി."
പ്രസിഡൻറ് ജോ ബൈഡന്റെ നയങ്ങളാണ് ഈ ദുരന്തത്തിനു കാരണമായതെന്നു ട്രംപിന്റെ അനുയായികളും സ്ഥാപിക്കാൻ ശ്രമിച്ചു. "രാജ്യത്തു കുറ്റകൃത്യങ്ങൾ മുൻപെങ്ങും ഉണ്ടാവാത്ത വിധം പെരുകി," ട്രംപ് കുറിച്ചു.
ഷംസുദീൻ ജബ്ബാറിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ പുറത്തു വരുന്നതിനു മുൻപു തന്നെ അയാൾ ഈയാഴ്ച അനധികൃതമായി മെക്സിക്കോയിൽ നിന്ന് അതിർത്തി കടന്നു വന്നയാളാണെന്നു ഫോക്സ് ന്യൂസ് പറഞ്ഞു. പിറ്റേന്നു അവർ തിരുത്തും മുൻപ് ട്രംപും കൂട്ടരും അത് ഏറ്റു പറഞ്ഞു.
ബൈഡന്റെ അതിർത്തി നയമാണ് ആക്രമണത്തിനു സഹായമായതെന്നു യുഎസ് ഹൗസ് സ്‌പീക്കർ മൈക്ക് ജോൺസൺ പറഞ്ഞു. "അപകടകാരികളായ ആളുകൾ കൂട്ടമായി അതിർത്തി കടന്നു വരുന്നുണ്ടെന്നു റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗങ്ങൾ ആവർത്തിച്ച് പറഞ്ഞിരുന്നു.
അവർ രാജ്യത്തു ഭീകരരുടെ സെല്ലുകൾക്കു രൂപം നൽകുന്നുവെന്നും."റെപ്. എലി ക്രെയ്ൻ (റിപ്പബ്ലിക്കൻ-അരിസോണ) പറഞ്ഞു: "തുറന്ന അതിർത്തി എന്ന നയവും കോൺഗ്രസിന്റെ നിഷ്ക്രിയത്വവും അമേരിക്കൻ ജനതയ്ക്കു അപകടകരമായ ഈ കൊടുംകാറ്റ് ഉണ്ടാക്കി."
നിയുക്ത പ്രസിഡന്റിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ പറഞ്ഞു: "ഇതാണ് ബൈഡൻ അമേരിക്കൻ ജനതയ്ക്കു നൽകുന്ന വിടവാങ്ങൽ സമ്മാനം. കുടിയേറ്റക്കാരായ ഭീകരർ."വലത് തീവ്രവാദി റെപ്. മാർജോറി ടെയ്‌ലർ ഗ്രീൻ (റിപ്പബ്ലിക്കൻ-ജോർജിയ) പറഞ്ഞു: "ന്യൂ ഓർലിയൻസ് കൊലയാളി രണ്ടു ദിവസം മുൻപ് ഈഗിൾ പാസ് കടന്നു വന്നതാണ്. അതിർത്തി അടയ്ക്കണം."
അക്രമി യുഎസിൽ ജനിച്ചയാൾ ആണെന്നു ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്ത ശേഷവും ട്രംപ് ആരോപണം തുടർന്നു. "ബൈഡന്റെ അതിർത്തി നയം മൂലം സുരക്ഷയും ദേശരക്ഷയും ജനാധിപത്യവും അക്രമങ്ങളിൽ നഷ്ടപ്പെട്ടു," അദ്ദേഹം കുറിച്ചു.