വ്യാപാര കരാറിന് അനുവദിച്ച കാലാവധി കഴിഞ്ഞതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
എഴുപതോളം രാജ്യങ്ങൾക്കു ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. മെക്സിക്കോയ്ക്ക് 90 ദിവസം കൂടി അനുവദിച്ച ട്രംപ് കാനഡയുടെ താരിഫ് 25ൽ നിന്ന് 35% ആയി ഉയർത്തി.
ഇന്ത്യയ്ക്കു 25% ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. കരാറിനുളള ചർച്ച തുടരുമെന്നു പക്ഷെ ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ബ്രിക്‌സ് കൂട്ടായ്മയിലെ മറ്റൊരു അംഗമായ ബ്രസീലിനു 50% ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. സൗത്ത് അമേരിക്കയിലെ സാമ്പത്തിക ശക്തിയായ രാജ്യവുമായി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഭീഷണിക്ക് വഴങ്ങില്ലെന്നു ബ്രസീൽ പ്രസിഡന്റ് ലുലാ ഡിസിൽവ വ്യക്തമാക്കിയിട്ടുമുണ്ട്.
കനത്ത തീരുവ ചുമത്തപ്പെട്ടവരിൽ സിറിയ (41%), ലാവോസ് (40), മയന്മാർ (40), സ്വിറ്റ്സർലൻഡ് (39), ഇറാഖ് (35), സെർബിയ (35) എന്നീ രാജ്യങ്ങളുണ്ട്.
കുത്തനെ ഉയർത്തിയ തീരുവകൾ ഓഗസ്റ്റ് 7നു നടപ്പിൽ വരുമെന്നു വൈറ്റ് ഹൗസ് പ്രഖ്യാപനത്തിൽ പറഞ്ഞു. ഓഗസ്റ്റ് 7നു മുൻപ് കപ്പലുകളിൽ കയറ്റിയ ചരക്കുകൾക്കു ഒക്ടോബർ 5 വരെ പുതിയ നിരക്കുകൾ ഉണ്ടാവില്ല.
നൂറോളം രാജ്യങ്ങളുമായി ചർച്ച തുടരുന്നുണ്ടെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് പറഞ്ഞു.
വൈറ്റ് ഹൗസിന്റെ വിശദീകരണം അനുസരിച്ചു യുഎസ് കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾക്കു അടിസ്ഥാന 10% തീരുവ മാത്രമേ ഉണ്ടാവൂ. യുഎസ് കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കാണ് ഉയർന്ന തീരുവ. അതായത് യുഎസിനു വ്യാപാര കമ്മിയുള്ള രാജ്യങ്ങൾ.
വ്യാഴാഴ്ച്ച പ്രഖ്യാപിച്ച നിരക്കുകൾ യുകെ, ചൈന എന്നീ രാജ്യങ്ങൾക്കും വ്യാപാര കരാർ ഒപ്പുവച്ച മറ്റുള്ളവർക്കും ബാധകമല്ല. എന്നാൽ ചൈനയുമായുള്ള കരാർ രണ്ടാഴ്ച കഴിഞ്ഞാൽ തീരുന്നതാണ്. പുതുക്കിയില്ലെങ്കിൽ ഉയർന്ന നിരക്കുകൾ ഉണ്ടാവും.