/sathyam/media/media_files/2025/07/04/donald-trump-untitledtrmpp-2025-07-04-08-41-43.jpg)
ഇന്ത്യ-യുഎസ് വ്യാപാര കരാർ ആവാത്ത സാഹചര്യത്തിൽ ഇന്ത്യയുടെ മേൽ 25% ഇറക്കുമതി തീരുവ പ്രഖ്യാപിക്കുന്നുവെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച്ച പ്രഖ്യാപിച്ചു. പുറമെ, റഷ്യയിൽ നിന്നു ഊർജോൽപന്നങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങുന്നതിന്റെ പേരിൽ പിഴശിക്ഷയും ഓഗസ്റ്റ് 1 മുതൽ ഉണ്ടാവുമെന്ന് അദ്ദേഹം ട്രൂത് സോഷ്യലിൽ അറിയിച്ചു.
ഇന്ത്യ യുഎസിനു സുഹൃത്താണെന്ന് ട്രംപ് പറഞ്ഞു. എന്നാൽ അവർ എപ്പോഴും ഏറ്റവുമധികം ആയുധങ്ങൾ വാങ്ങിയിട്ടുള്ളത് റഷ്യയിൽ നിന്നാണ്. ചൈനയെപ്പോലെ ഏറ്റവുമധികം റഷ്യൻ ഊർജോൽപന്നങ്ങൾ വാങ്ങുന്ന രാജ്യവുമാണ് ഇന്ത്യ.
"ഇന്ത്യയുടെ തീരുവ ലോകത്തു ഏറ്റവും ഉയർന്നതാണ്. ഏറ്റവും കഠിനവും അസഹനീയവുമായ വ്യാപാര വിലക്കുകൾ ഉള്ള രാജ്യവുമാണ് ഇന്ത്യ.
"ഇന്ത്യ സുഹൃത്താണെങ്കിലും വർഷങ്ങളായി നമ്മൾ അവരുമായി കാര്യമായ വ്യാപാരം നടത്തിയിട്ടില്ല. അതിനു കാരണം അവരുടെ അമിതമായി ഉയർന്ന താരിഫാണ്."
യുഎസിന് ഇന്ത്യയുമായി ഭീമമായ വ്യാപാര കമ്മിയുമുണ്ടെന്നു ട്രംപ് ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ റഷ്യൻ ബന്ധത്തെ വിമർശിച്ച ട്രംപ് പറഞ്ഞു: "റഷ്യ യുക്രൈനിൽ മനുഷ്യരെ കൊല്ലുന്നത് നിർത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുമ്പോൾ ഈ ഇടപാടുകൾ നല്ലതല്ല. ഒന്നും നല്ലതല്ല. അതു കൊണ്ട് ഓഗസ്റ്റ് 1 മുതൽ ഇന്ത്യ 25% താരിഫിനു പുറമേ പെനാൽറ്റിയും നൽകണം."
യുഎസ് ഉത്പന്നങ്ങൾക്കു വിപണികൾ തുറക്കാൻ ഇന്ത്യ എത്രമാത്രം തയാറാണെന്നു വ്യക്തമായിട്ടില്ലെന്നു യുഎസ് ട്രേഡ് റെപ്രെസെന്ററ്റീവ് ജാമിസൺ ഗ്രിയർ തിങ്കളാഴ്ച്ച പറഞ്ഞിരുന്നു. അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾക്കു തീരുവ ഒഴിവാക്കാൻ ഇന്ത്യ തയ്യാറില്ല. കാരണം അത് ഇന്ത്യൻ കർഷകർക്കു പ്രഹരമാവും.