/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
വാഷിങ്ടണ്‍: യുഎസിലേയ്ക്ക് കുടിയേറി നിയമപരമായ സ്ഥിരതാമസമാക്കാന്‍ സമ്പന്നര്‍ക്കായി ട്രംപ് ഗോള്‍ഡ് കാര്‍ഡ് എന്ന പുതിയ കുടിയേറ്റ പദ്ധതിക്ക് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അംഗീകാരം നല്‍കി. ഖജനാവിലേയ്ക്ക് കോടിക്കണക്കിനു ഡോളര്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി നിലവിലെ നിയമപരമായ കുടിയേറ്റ സംവിധാനത്തിന്‍റെ പരിഷ്കരണമാണ്.
വ്യക്തികള്‍ക്ക് പത്തു ലക്ഷം ഡോളര്‍ വീതവും (ഏതാണ്ട് 8.8 കോടി രൂപ) കോര്‍പറേറ്റുകള്‍ക്ക് ഓരോ ജീവനക്കാരനും 20 ലക്ഷം ഡോളറുമാണ് (ഏതാണ്ട് 16.8 കോടി രൂപ) ഈ പദ്ധതിക്കു കീഴില്‍ നല്‍കേണ്ടത്. സമ്പന്നരായ വ്യക്തികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും യുഎസില്‍ അതിവേഗം സ്ഥിരതാമസത്തിന് അവസരം നല്‍കുകയാണ് ട്രംപ് ഗോള്‍ഡ് കാര്‍ഡിന്‍റെ മുഖ്യ ലക്ഷ്യം.
അപേക്ഷകരെ സൂക്ഷ്മമായി പരിശോധിച്ച ശേഷമാകും നിലവിലുള്ള ഇബി1, ഇബി2 വിസ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നതും സ്ഥിര താമസത്തിനുള്ള അനുമതി നല്‍കുന്നതും. ഈ പദ്ധതിയിലൂടെ 100 ബില്യണ്‍ ഡോളര്‍ വരുമാനം നേടാനാകും എന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് വ്യക്തമാക്കി.ഈ വരുമാനം നികുതി കുറയ്ക്കുന്നതിനും കടം വീട്ടുന്നതിനും ഉപയോഗിക്കുമെന്ന് ട്രംപ് പറഞ്ഞു.
കാര്‍ഡ് ഉടമ രാജ്യത്തിനു ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുകയോ തട്ടിപ്പ് നടത്തുകയോ തെറ്റായ വിവരങ്ങള്‍ നല്‍കിയതായി തെളിയുകയോ ചെയ്താല്‍ ഈ വിസ റദ്ദാകും. വിസാ നിബന്ധനകള്‍ ലംഘിച്ചാലും വിസ റദ്ദാകും.
ഉടന്‍ തന്നെ മറ്റൊരു പ്ളാറ്റിനം കാര്‍ഡ് അവതരിപ്പിക്കാനും ട്രംപ് ഭരണകൂടം പദ്ധതിയിടുന്നുണ്ട്. 50 ലക്ഷം ഡോളറാണ് ഇതിനു വില. ഈ കാര്‍ഡ് ഉടമകള്‍ക്ക് ഒരു വര്‍ഷം 270 ദിവസം വരെ യുഎസില്‍ താമസിക്കാം. കൂടാതെ യുഎസിന് പുറത്ത് നിന്നുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല.