/sathyam/media/media_files/2025/09/01/jbbbb-2025-09-01-02-06-40.jpg)
മാധ്യമങ്ങളിൽ ഏറെ കാണാതിരുന്നതു കൊണ്ട് മരണമടഞ്ഞു എന്ന ഊഹാപോഹങ്ങൾ വരെ പ്രചരിക്കുമ്പോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച്ച ഗോൾഫ് കളിക്കാനെത്തി. വിർജീനിയ സ്റ്റെർലിംഗിലെ ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്ബിലാണ് ട്രംപ് സകുടുംബം എത്തിയത്.
ട്രംപ് ക്യാമറകളിൽ നിന്ന് ഒഴിഞ്ഞു നിന്നതും അദ്ദേഹത്തിന്റെ കൈയിലെ ഉരഞ്ഞ പോലുള്ള പാടുകൾ പുറത്തു വന്നതും ആരോഗ്യ പ്രശ്നങ്ങളായി മാധ്യമങ്ങൾ ചിത്രീകരിച്ചിരുന്നു. ട്രംപിനെ തേടിയ മാധ്യമ പ്രവർത്തക ലോറ റോസൻ ശനിയാഴ്ച്ച അദ്ദേഹത്തെ ഗോൾഫ് കോഴ്സിൽ കണ്ടെത്തി.
ഈയാഴ്ച്ച വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നൽകിയ ഒരു അഭിമുഖവും ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ട്രംപിന് എന്തെങ്കിലും സംഭവിച്ചാൽ അധികാരം ഏൽക്കാൻ താൻ തയാറാണെന്നു അദ്ദേഹം പറഞ്ഞു. എന്നാൽ ട്രംപ് മികച്ച ആരോഗ്യത്തിലാണ് എന്നദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
യുഎസ് കണ്ട ഏറ്റവും പ്രായം ചെന്ന പ്രസിഡന്റാണ് 79 വയസിൽ ട്രംപ്. കൈയ്യിലെ പാടുകൾക്കും കാലിലെ നീരിനും അദ്ദേഹം പരിശോധന നടത്തിയെന്നു അടുത്തിടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് സ്ഥിരീകരിച്ചിരുന്നു. രക്തമോട്ടം കുറവാണെന്നു ഡോക്ടർമാർ പറഞ്ഞതും അവർ വെളിപ്പെടുത്തി.