യുഎസ് സെനറ്റിലെ നിർണായക വോട്ടിൽ പ്രസിഡന്റ് ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുൾ ബിൽ' പാസായി. രണ്ടു റിപ്പബ്ലിക്കൻ സെനറ്റർമാർ എതിർത്ത പ്രൊസീജറൽ വോട്ടിംഗിൽ 51-49 ഭൂരിപക്ഷത്തിലാണ് ബില്ലിന്റെ വിജയം.
ഇനി ബില്ലിൽ ചർച്ച ആരംഭിക്കും. ജൂലൈ നാലിനകം പാസാക്കണം എന്ന ട്രംപിന്റെ വ്യവസ്ഥ പാലിക്കാൻ കഴിയുമോ എന്ന് ഉറപ്പില്ല. കാരണം, ഡെമോക്രറ്റുകൾ പല തടസങ്ങളും സൃഷ്ടിച്ചേക്കും. ആയിരം പേജ് വരുന്ന ബിൽ പൂർണമായി വായിക്കണമെന്നു മൈനോറിറ്റി ലീഡർ ചക്ക് ഷൂമർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
സെനറ്റിൽ മഹത്തായ വിജയം കൈവരിച്ചെന്നു ട്രംപ് എക്‌സിൽ കുറിച്ചു. പാർട്ടിയിലെ എതിർപ്പു പരിഹരിച്ച സെനറ്റർമാരായ റിക്ക് സ്കോട്ട്, മൈക്ക് ലീ, റോൺ ജോൺസൺ, സിന്തിയ ലുമിസ് എന്നിവർക്കു ട്രംപ് പ്രത്യേകം നന്ദി പറഞ്ഞു.
റിപ്പബ്ലിക്കന്മാരായ തോം ടില്ലിസ്, റാൻഡ് പോൾ എന്നിവരാണ് എതിർത്തു വോട്ട് ചെയ്തത്.
പ്രസിഡന്റിന്റെ കുടിയേറ്റ നയം, അതിർത്തി സുരക്ഷ, നികുതി കുറയ്ക്കൽ, സൈനിക ആവശ്യങ്ങൾ എന്നിവയ്ക്കാണ് ബജറ്റിൽ മുൻഗണന. ട്രംപിന്റെ ആദ്യ ഭരണകാലത്തു 2017ൽ കൊണ്ടുവന്ന നികുതി ഇളവുകൾ നീട്ടികൊടുക്കും. അതിർത്തി സുരക്ഷയ്ക്കും ദേശരക്ഷയ്ക്കുമായി $350 ബില്യൺ ആണ് മാറ്റിവച്ചിട്ടുള്ളത്.