/sathyam/media/media_files/2025/08/29/bvg-2025-08-29-05-26-02.jpg)
ശതകോടീശ്വരൻ ജോർജ് സൊറോസിനെയും അദ്ദേഹത്തിന്റെ പുത്രൻ അലക്‌സാണ്ടറെയും സംഘം ചേർന്നുള്ള കുറ്റകൃത്യങ്ങൾ ചുമത്തി പ്രോസിക്യൂട്ട് ചെയ്യണമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ചു. ഡെമോക്രാറ്റിക് പാർട്ടിക്കു വമ്പിച്ച സാമ്പത്തിക സഹായം നൽകുന്ന സൊറോസ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും അനഭിമതനാണ്.
ട്രംപിന്റെ ആദ്യ ഭരണകാലത്തു അദ്ദേഹം 'മാഫിയ രാഷ്ട്രം' സ്ഥാപിക്കാൻ ശ്രമിക്കയാണെന്നു സൊറോസ് പറഞ്ഞിരുന്നു. ബുധനാഴ്ച്ച ട്രംപ് ട്രൂത് സോഷ്യലിൽ പറഞ്ഞത് സൊറോസും അദ്ദേഹത്തിന്റെ മിടുക്കൻ പുത്രനും യുഎസിൽ ഉടനീളം അക്രമ സമരങ്ങൾക്കു പിന്തുണ നൽകുന്നു എന്നാണ്. അതു കൊണ്ട് അവരുടെ മേൽ സംഘടിത കുറ്റകൃത്യങ്ങൾ ചുമത്തണം.
"ഈ ഭ്രാന്തന്മാരെ അമേരിക്കയെ കീറിമുറിക്കാൻ ഇനിയും നമ്മൾഅനുവദിക്കില്ല. രാജ്യത്തെ ശ്വാസം വിടാൻ അവർ അനുവദിക്കുന്നില്ല, സ്വതന്ത്രമായിരിക്കാൻ അവർ അനുവദിക്കുന്നില്ല."
മുൻ പ്രസിഡന്റ് ജോ ബൈഡൻ സൊറോസിനു രാജ്യത്തിൻറെ അത്യുന്നത ബഹുമതിയായ മെഡൽ ഓഫ് ഫ്രീഡം സമ്മാനിച്ചിരുന്നു.
സൊറോസ് കുടുംബത്തിന്റെ നോൺ-പ്രോഫിറ്റ് ആയ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസ് ട്രംപിന്റെ ഭീഷണിക്കു മറുപടി നൽകി. "ഞങ്ങളുടെ സ്ഥാപകന് എതിരായ ഭീഷണികൾ അതിക്രമമാണ്. ഞങ്ങൾ യുഎസിലും ലോകമൊട്ടാകെയും മനുഷ്യാവകാശങ്ങളും നീതിയും ജനാധിപത്യ ആദർശങ്ങളും പ്രോത്സാഹിപ്പിക്കുന്നവരാണ്."