ഹെലെനി കൊടുംകാറ്റു സംബന്ധിച്ചു വൈസ് പ്രസിഡന്റ് കമലാ ഹാരിസിനു നൽകിയ ബ്രീഫിംഗ് തട്ടിപ്പായിരുന്നുവെന്നു ഡൊണാൾഡ് ട്രംപ്. ഹാരിസിന്റെ ചെവിയിൽ തിരുകിയ ഇയർ ബഡ്‌സ് അവരുടെ സെൽ ഫോണിൽ ബന്ധപ്പെടുത്തിയിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.പ്രചാരണത്തിനു വേണ്ടി സംഘടിപ്പിച്ച ബ്രീഫിംഗ് വെറും വ്യാജമാണെന്നു ട്രംപ് ആരോപിച്ചു.
എന്താണ് ചെയ്യുന്നതെന്ന് അവർക്കു അറിയാമായിരുന്നില്ല. "കോഡ് ഫോണിലേക്കു പ്ലഗ് ചെയ്തു വച്ചാൽ മാത്രമേ അതു പ്രവർത്തിക്കൂ."ഹാരിസിന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ അവർ വിഷാദഭാവത്തിൽ കേൾക്കുന്നത് കാണാം. എയർ ഫോഴ്സ് ടുവിൽ ഇരുന്നാണ് ഫോണിൽ സംസാരിക്കുന്നത്.
ഫെമ അഡ്മിനിസ്ട്രേറ്റർ ഡീൻ ക്രിസ്‌വെൽ ആണ് തന്നോട് സംസാരിച്ചതെന്നു ഹാരിസ് പോസ്റ്റിൽ പറയുന്നു. ഹെലെനി കൊടുംകാറ്റിന്റെ ഏറ്റവും ഒടുവിലത്തെ പ്രത്യാഘാതങ്ങളെ കുറിച്ചാണ് സംസാരിച്ചത്. "അടിയന്തര പ്രതികരണവും ദുരിതാശ്വാസ നടപടികളൂം സംബന്ധിച്ചു ഗവൺമെന്റിന്റെ തുടരുന്ന നടപടികളും ഞങ്ങൾ ചർച്ച ചെയ്തു."നോർത്ത് കരളിനയിലെ നടപടികൾ ഗവർണർ റോയ് കൂപ്പറുമായും സംസാരിച്ചു.
ഗവൺമെന്റ് തുടർന്നും സംസ്ഥാന, പ്രാദേശിക അധികൃതരുമായി ബന്ധം പുലർത്തുകയും അവർക്കു ആവശ്യമായ എല്ലാ സഹായവും എത്തിക്കയും ചെയ്യും."ചിത്രത്തിൽ ഇയർ ബഡ്‌സ് മുന്നിലെ മേശപ്പുറത്തു ഇരിക്കുന്ന ഫോണുമായി കണക്റ്റ് ചെയ്തതായി കാണുന്നില്ലെന്നാണ് ട്രംപിന്റെയും സാമൂഹ്യ മാധ്യമങ്ങളിൽ പലരുടെയും ആക്ഷേപം. ചെവിയിൽ നിന്നു കോഡ് താഴേക്കു നീണ്ടു കിടക്കുകയാണ്.മേശപ്പുറത്തു ഇരിക്കുന്ന കടലാസ് ആവട്ടെ ശൂന്യമാണ്.
റിപ്പബ്ലിക്കൻ ജനപ്രതിനിധികളും ഹാരിസിനു നേരെ വിമർശനം അഴിച്ചു വിട്ടു.കൊടുംകാറ്റ് അടിച്ച സംസ്ഥാനങ്ങളിൽ ഹാരിസ് സന്ദർശനം നടത്തിയിട്ടില്ല. തെക്കു കിഴക്കൻ യുഎസിൽ 120 പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്.ജോർജിയയിൽ ഹെലെനി വരുത്തിയ നാശനഷ്ടങ്ങൾ കാണാൻ ട്രംപ് വാൾഡോസ്ഥയിൽ എത്തിയിരുന്നു. ദുരിതാശ്വാസം എത്തിക്കാമെന്ന് അദ്ദേഹം വാഗ്ദാനം നൽകുകയും ചെയ്തു.ട്രംപ് തന്റെ ട്രൂത് സോഷ്യൽ മാധ്യമത്തിൽ തുടർന്ന് എഴുതുന്നു: "ബൈഡനും ഹാരിസും അമേരിക്കയെ അഫ്‌ഗാനിസ്ഥാനിൽ ഉപേക്ഷിച്ചു.
അവർ അമേരിക്കയെ തുറന്ന അതിർത്തിയിൽ ഉപേക്ഷിച്ചു. അമേരിക്കൻ പൗരന്മാരെ തെക്കു നോർത്ത് കരളിനയിലും ജോർജിയയിലും ടെന്നസിയിലും അലബാമയിലും മുങ്ങി മരിക്കാൻ വിട്ടു."എങ്ങിനെയാണ് നേതൃത്വം നൽകേണ്ടതെന്ന് അറിയാത്ത നേതാക്കൾ ഉള്ളതു കൊണ്ട് അമേരിക്കൻ ജനത ഈ ഭരണത്തിൻ കീഴിൽ ഏറ്റവും ഒടുവിലത്തെ പരിഗണനയിലാണ് വന്നത്."