ന്യൂയോർക്ക്: സ്വന്തമായി രാഷ്ട്രീയ പാർട്ടിയുണ്ടാക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി യുദ്ധം പ്രഖ്യാപിച്ച ശതകോടീശ്വരൻ എലോൺ മസ്‌കിനെ ട്രംപ് 'തീവണ്ടി അപകടത്തിന്റെ അവശിഷ്ടം' എന്നു വിളിച്ചാക്ഷേപിച്ചു.
ഉറ്റ സുഹൃത്തായിരുന്ന മസ്‌കിനെ അതിരൂക്ഷമായ ഭാഷയിലാണ് ട്രംപ് കടന്നാക്രമിച്ചത്. കഴിഞ്ഞ അഞ്ചാഴ്ചയ്ക്കിടയിൽ അദ്ദേഹം പൂർണമായി പാളം തെറ്റിയെന്നു ട്രംപ് ആരോപിച്ചു.
"അദ്ദേഹത്തിനു മൂന്നാമതൊരു പാർട്ടി ഉണ്ടാക്കാനും ആഗ്രഹം. അത്തരം പാർട്ടികൾ യുഎസിൽ ഒരിക്കലും വിജയിച്ചിട്ടില്ല എന്നതാണു വസ്‌തുത. വ്യവസ്ഥിതി അതിനു പറ്റിയ വിധമല്ല രൂപപ്പെടുത്തിയിട്ടുള്ളത്.
"മൂന്നാം പാർട്ടികൾക്കു ചെയ്യാവുന്നത് പൂർണമായ തകർച്ച ഉണ്ടാക്കുക എന്നതാണ്. അരാജകത്വവും. നമുക്ക് തീവ്ര ഇടതുപക്ഷ ഡെമോക്രറ്റുകൾ അതെല്ലാം ആവശ്യത്തിലേറെ തരുന്നുണ്ട്. ആത്മവിശ്വാസവും മനോനിലയും നഷ്ടപ്പെട്ട അവസ്ഥയിലാണ് അവർ."
റിപ്പബ്ലിക്കൻ പാർട്ടി എണ്ണയിട്ട യന്ത്രം പോലെയാണെന്ന് ട്രംപ് അവകാശപ്പെട്ടു. "നമ്മുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബിൽ പാർട്ടി പാസാക്കിയെടുത്തു.
"നിർഭാഗ്യമെന്നു പറയട്ടെ, ആ ബിൽ മസ്കിനു ആവശ്യമായിരുന്ന അപഹാസ്യമായ ഇലക്ട്രിക്ക് വാഹന മാൻഡേറ്റ് ഇല്ലാതാക്കി. അത് നിലവിൽ ഇരുന്നാൽ എല്ലാവരും ഇലക്ട്രിക്ക് വാഹനം വാങ്ങേണ്ടി വന്നേനെ.
"ജനങ്ങൾക്ക് ഇപ്പോൾ ഇഷ്ടമുള്ള ഏതു വാഹനവും വാങ്ങാം. ഗ്യാസോലിൻ, ഹൈബ്രിഡ്, വരാനുള്ള പുതിയ സാങ്കേതിക വിദ്യകൾ. ഇ വി ഇനി നിർബന്ധമല്ല.
"എലോൺ എന്നെ പിന്തുണച്ചപ്പോൾ ഇ വി മാൻഡേറ്റ് ഞാൻ എടുത്തു കളയുമെന്ന് അറിയാമോ എന്നു ഞാൻ ചോദിച്ചു. അത് പ്രശ്നമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
"എന്റെ ഓരോ പ്രസംഗത്തിലും ഓരോ സംഭാഷണത്തിലും ഞാൻ അക്കാര്യം പറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന് ഒരു വിരോധവും ഉണ്ടായിരുന്നില്ല. എനിക്കിപ്പോൾ അത്ഭുതം തോന്നുന്നു."
നാസയുടെ ചുമതല തന്റെ ഉറ്റ സുഹൃത്തിനെ ഏൽപിക്കണമെന്നു മസ്‌ക് ആവശ്യം ഉന്നയിച്ചതായി ട്രംപ് പറയുന്നു. "പക്ഷെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഒരു സംഭാവനയും നൽകാത്ത സമ്പന്ന ഡെമോക്രാറ്റ് ആണ് ആ സുഹൃത്തെന്നു ഞാൻ അറിഞ്ഞു. എലോണും അങ്ങിനെ ആയിരുന്നു എന്നാണ് എന്റെ ഓർമ.
"എന്തായാലും ബഹിരാകാശ ബിസിനസിലുള്ള ഒരാൾ നാസ നടത്തുന്നത് ശരിയല്ലെന്ന് എനിക്കു തോന്നി. നാസ എലോണിന്റെ ബിസിനസിൽ വലിയൊരു പങ്കു വഹിക്കുന്ന സ്ഥാപനവുമാണ്."
പാഴ്‌വ്യയവും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒറ്റക്കക്ഷി സംവിധാനമാണ് നിലവിലുള്ളതെന്നു മസ്‌ക് ആരോപിക്കുന്നു. "അതിൽ നിന്ന് മോചനം സാധ്യമാക്കാനാണ് അമേരിക്ക പാർട്ടിക്കു രൂപം നൽകുന്നത്."