/sathyam/media/media_files/2025/10/09/ccv-2025-10-09-05-05-51.jpg)
വാഷിങ്ടൺ: യുഎസ്-മെക്സിക്കോ-കാനഡ ഉടമ്പടി (യു എസ് എം സി എ) പുതുക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് കരാറിൽ സന്നദ്ധതയറിയിച്ചത്. അടുത്ത വർഷം നടക്കാനിരിക്കുന്ന യു എസ് എം സി എ കരാറിന്റെ പുനഃപരിശോധനയ്ക്ക് മുന്നോടിയായായിരുന്നു കാർണിയുടെ രണ്ടാമത്തെ യുഎസ് സന്ദർശനം.
കാനഡയുടെ കയറ്റുമതിയുടെ മുക്കാൽ ഭാഗത്തിലധികവും യുഎസിലേക്കാണ് പോകുന്നത് എന്നതിനാൽ, ഈ വ്യാപാരക്കരാറിന്റെ ഭാവി കാനഡയ്ക്ക് നിർണ്ണായകമാണ്. ട്രംപിന്റെ കാനഡയോടുള്ള വ്യാപാരയുദ്ധവും കാനഡയെ 51-ാ മത്തെ സംസ്ഥാനമാക്കുമെന്ന പരാമർശങ്ങളും കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലവിൽ ഏറ്റവും മോശം അവസ്ഥയിലാണെന്ന് മുൻ കനേഡിയൻ അംബാസഡർ ഫ്രാങ്ക് മക്കെന്ന അഭിപ്രായപ്പെട്ടു.
വ്യാപാര വിഷയത്തിൽ യുഎസും കാനഡയും തമ്മിൽ സ്വാഭാവികമായ മത്സരമുണ്ടെങ്കിലും പരസ്പ്‌പര സ്നേഹവുമുണ്ടെന്ന് ട്രംപ് പറഞ്ഞു. ഒരുമിച്ച് ന്നാര കൂടുതൽ ശക്തരാകാൻ കഴിയുന്ന നിരവധി മേഖലകളിലാണ് തങ്ങൾ ശ്രദ്ധ ചെലുത്തുന്നതെന്ന് മാർക്ക് കാർണി അറിയിച്ചു. സ്റ്റീൽ, അലുമിനിയം പോലുള്ള ചില മേഖലകളിൽ യുഎസ് ഏർപ്പെടുത്തിയ താരിഫുകളിൽ ഇളവ് നേടുകയായിരുന്നു കാർണിയുടെ വാഷിങ്ടൺ സന്ദർശനത്തിന്റെ ലക്ഷ്യം. ചർച്ചകൾ വിജയകരവും ക്രിയാത്മകവുമായിരുന്നെന്ന് കനേഡിയൻ മന്ത്രി ഡൊമിനിക് ലെബ്ലാ പ്രതികരിച്ചു.