പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ $10 ബില്യൺ മാനനഷ്ട കേസിൽ മാധ്യമ പ്രഭു റുപേർട് മുർഡോക്കിനെ 15 ദിവസത്തിനകം മൊഴി നൽകാൻ വിളിപ്പിക്കാൻ ട്രംപിന്റെ അഭിഭാഷകർ ശ്രമം തുടങ്ങിയെന്നു റിപ്പോർട്ട്.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനു ട്രംപ് പിറന്നാൾ സന്ദേശം അയച്ചെന്നു വോൾ സ്ട്രീറ്റ് ജേർണലിൽ വന്ന വാർത്ത തനിക്കു അപമാനമായെന്നാണ് ട്രംപിന്റെ വാദം.
വേഗത്തിൽ മുർഡോക്കിനെ വിളിക്കാൻ ശ്രമിക്കുന്നത് അദ്ദേഹത്തിനു 94 വയസ് ഉള്ളതു കൊണ്ടും നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതു കൊണ്ടുമാണെന്നു അഭിഭാഷകർ ഫ്ലോറിഡ കോടതിയിൽ എഴുതി കൊടുത്തതായി 'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ടിൽ പറയുന്നു. 2023ൽ ലണ്ടനിൽ പ്രാതൽ കഴിക്കുമ്പോൾ മുർഡോക്ക് ബോധം കെട്ടു വീണത് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
ജൂലൈ 17നു റിപ്പോർട്ട് വന്നതിന്റെ പിറ്റേന്നു തന്നെ ട്രംപ് കേസ് ഫയൽ ചെയ്തിരുന്നു. വാർത്ത വ്യാജമാണെന്ന് അദ്ദേഹം വാദിക്കുന്നു. ഡൗ ജോൺസ്, ന്യൂസ് കോർപ് എന്നിവയെയും വോൾ സ്ട്രീറ്റ് ജേർണലിന്റെ രണ്ടു റിപ്പോർട്ടർമാരെയും ട്രംപ് കോടതി കയറ്റിയിട്ടുണ്ട്.
റിപ്പോർട്ടർമാർ ആശ്രയിക്കുന്ന ഉറവിടങ്ങൾ എപ്പോഴും കൃത്യമാണെന്ന് ഉറപ്പുള്ളതായി ഈ മാധ്യമങ്ങൾ പറയുന്നു.