/sathyam/media/media_files/2025/07/20/vfgfff-2025-07-20-05-14-01.jpg)
ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ 50ആം ജന്മദിനത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അയാൾക്ക് അയച്ചുവെന്നു പറയപ്പെടുന്ന കത്തിന്റെ പേരിൽ 'വോൾ സ്ട്രീറ്റ് ജേർണൽ' പത്രത്തിനും പ്രസാധകൻ റുപേർട് മർഡോക്കിനും എതിരെ ട്രംപ് $10 ബില്യൺ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് കൊടുത്തു.
എപ്‌സ്റ്റീന്റെ കൂട്ടു പ്രതിയായ ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ എന്ന ബ്രിട്ടീഷുകാരി അയാളുടെ ജന്മദിനത്തിൽ തയാറാക്കിയ ആൽബത്തിൽ നിന്നു ലഭിച്ചതാണ് കത്തെന്നു പത്രം പറയുന്നു. മാക്‌സ്‌വെൽ ജയിലിലാണ്.
ട്രംപിന്റെ പേരുള്ള കത്തിൽ ലൈംഗിക ചുവയുള്ള ഭാഷ ഉപയോഗിച്ചിട്ടുണ്ട്. ഒരു സ്ത്രീയുടെ നഗ്ന ചിത്രം വരച്ചിട്ടുമുണ്ട്. "എല്ലാ ദിവസവും അത്ഭുതകരമായ രഹസ്യം നിറഞ്ഞതാവട്ടെ" എന്നു കത്തിൽ കുറിച്ചിട്ടുമുണ്ട്.
കത്തിലെ ഭാഷ തന്റേതല്ലെന്നു ട്രംപ് പറയുന്നു. അത്തരം ചിത്രങ്ങൾ താൻ വരയ്ക്കാറില്ല താനും.
കത്ത് വ്യാജവും തന്നെ കരിതേക്കാനുള്ളതും അപകീർത്തിപരവും ആണെന്നു ട്രംപ് വാദിക്കുന്നു.
മയാമിയിലെ ഫെഡറൽ കോടതിയിലാണ് വെള്ളിയാഴ്ച്ച പരാതി സമർപ്പിച്ചത്. പത്രവും അതിന്റെ റിപ്പോർട്ടർമാരും കരുതിക്കൂട്ടി നിരവധി 'വ്യാജവും അപകീർത്തിപരവും നിന്ദ്യവുമായ' കാര്യങ്ങൾ ആരോപിക്കുന്നുവെന്നു പരാതിയിൽ പറയുന്നു. അവ പ്രസിഡന്റിനു 'തടുക്കാൻ കഴിയാത്ത വിധം സാമ്പത്തികവും അപകീർത്തിപരവുമായ' നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.
വ്യാജ വാർത്തകൾ നിർബാധം പ്രസിദ്ധീകരിക്കുന്നത് തടയാനുളള നിശ്ചയദാർഢ്യത്തിൽ നിന്നാണ് ഈ പരാതിയെന്നു ട്രംപ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.
മുർഡോക്കിനോടും എഡിറ്റർ എമ്മ ടക്കറോടും താൻ സംസാരിച്ചിരുന്നുവെന്നു ട്രംപ് പറയുന്നു.