/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ വായ്‌പാ തട്ടിപ്പു നടത്തി എന്നാരോപിച്ചു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിരിച്ചു വിട്ടു. മെച്ചപ്പെട്ട ബാങ്ക് വായ്പ ലഭിക്കാൻ കുക്ക് ബാങ്ക് രേഖകളും വസ്തു വിവരങ്ങളും വ്യാജമായി ചമച്ചെന്നു ആരോപിച്ചു ഫെഡറൽ ഹൗസിംഗ് ഏജൻസി ഡയറക്‌ടർ ബിൽ പുൾട്ടെ അറ്റോണി ജനറൽ പാം ബോണ്ടിക്കു എഴുതിയതിനു പിന്നാലെയാണ് നടപടി.
മിഷിഗണിലെ വസതി തന്റെ പ്രൈമറി റെസിഡൻസ് ആണെന്നു അവകാശപ്പെട്ടു വായ്പ എടുത്തു രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ അറ്റ്ലാന്റയിലെ വസതി പ്രൈമറി റെസിഡൻസ് ആണെന്ന് കുക്ക് അവകാശപ്പെട്ടു എന്നാണ് പുൾട്ടെ പറയുന്നത്.
വായ്പാ തട്ടിപ്പു ആരോപിച്ചു ട്രംപിന്റെ എതിരാളികളായ കലിഫോർണിയ ഡെമോക്രാറ്റിക് സെനറ്റർ ആഡം ഷിഫ്, ന്യൂ യോർക്ക് അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസ് (ഡെമോക്രാറ്റ്) എന്നിവരെ പുൾട്ടെ നേരത്തെ പാം ബോണ്ടിക്കു റെഫർ ചെയ്തിരുന്നു.
കുക്കിനെ നീക്കം ചെയ്യാൻ മതിയായ കാരണമുണ്ടെന്നു ട്രംപ് വ്യക്തമാക്കി. ഫെഡറൽ റിസർവ് ഭരണ സമിതി അംഗത്തിനു ജനങ്ങളുടെ മുന്നിൽ വിശ്വാസ്യത ഉണ്ടാവണം. "നിങ്ങളുടെ വഞ്ചന നിറഞ്ഞ പ്രവൃത്തിക്കു ക്രിമിനൽ സ്വഭാവവുമുണ്ട്. ജനങ്ങൾക്കോ എനിക്കോ നിങ്ങളുടെ സ്വഭാവ ഭദ്രതയിൽ വിശ്വാസം കാണാൻ കഴിയുന്നില്ല."
ട്രംപ് ഒരാഴ്ച്ച മുൻപ് കുക്കിനോട് ഉടൻ രാജി വയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. "ഒരു ട്വീറ്റിൽ ഉയർത്തിയ ആരോപണങ്ങളുടെ പേരിൽ ഭയന്നു രാജി വയ്ക്കാൻ എന്നെ കിട്ടില്ല" എന്നാണ് കുക്ക് പ്രതികരിച്ചത്.
ഫെഡ് ഭരണസമിതിയിലേക്കു സ്വന്തം ആളെ നിയമിക്കാൻ ട്രംപിന് ഇതൊരു സൗകര്യമായി. പുതിയൊരു ഫെഡ് ചെയർമാനെയും അടുത്ത് തന്നെ നിയമിക്കാം. പലിശ നിരക്കുകൾ കുറയ്ക്കണം എന്ന ആവശ്യം അനുസരിക്കാത്തതിനു ചെയർമാൻ ജെറോം പവലിനോട് കടുത്ത രോഷത്തിലാണ് ട്രംപ്. അദ്ദേഹത്തിന്റെ കാലാവധി 2026 മേയിൽ അവസാനിക്കും.