വാഷിങ്ടൻ : ട്രംപ് ഭരണകൂടം പിരിച്ചുവിട്ട ആയിരക്കണക്കിന് തൊഴിലാളികളെ തിരിച്ചെടുക്കാൻ ഉത്തരവ്. കൃഷി വകുപ്പിലെ പിരിച്ചുവിട്ട തൊഴിലാളികൾക്ക് കുറഞ്ഞത് അടുത്ത ഒന്നര മാസത്തേക്കെങ്കിലും ജോലി തിരികെ ലഭിക്കണമെന്ന് ഫെഡറൽ സിവിൽ സർവീസ് ബോർഡ് ചെയർമാൻ അറിയിച്ചു.
5,600-ലധികം പ്രൊബേഷണറി ജീവനക്കാരെയാണ് അടുത്തിടെ പിരിച്ചുവിട്ടത്. ഇത് ഫെഡറൽ നിയമങ്ങളും പിരിച്ചുവിടൽ നടപടിക്രമങ്ങളും ലംഘിച്ചിരിക്കാമെന്ന് വിധിയിൽ പറയുന്നു. മെറിറ്റ് സിസ്റ്റംസ് പ്രൊട്ടക്ഷൻ ബോർഡിന്റെ ചെയർപേഴ്‌സൺ കാത്തി ഹാരിസിന്റെയാണ് പുതിയ തീരുമാനം. യുഎസ്ഡിഎ പിരിച്ചുവിട്ട പ്രൊബേഷനറി കാലയളവിലുള്ള ജീവനക്കാരെ കുറഞ്ഞത് 45 ദിവസത്തേക്കെങ്കിലും തിരിച്ചടുക്കണമെന്നാണ് ഉത്തരവ്.
കാലാവധി അവസാനിക്കുന്നതിന് മുൻപ് ഡെമോക്രാറ്റായ ഹാരിസിനെ ബോർഡിൽ നിന്നും പുറത്താക്കാൻ ട്രംപ് തീരുമാനിച്ചിരുന്നു. കാരണമില്ലാതെ ഹാരിസിനെ പുറത്താക്കുന്നത് ഫെഡറൽ ജഡ്ജി തടഞ്ഞു. ഇതിന് പിന്നാലെയാണ് പുതിയ തിരിച്ചെടുക്കൽ ഉത്തരവ് വന്നിരിക്കുന്നത്. അതേസമയം ഉത്തരവിനെതിരെ ട്രംപ് ഭരണകൂടം അപ്പീൽ നൽകിട്ടുണ്ട്.