ഇറാനെ ആക്രമിക്കണമോ എന്നു രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച്ച അറിയിച്ചു. അതിനുള്ളിൽ ഫലപ്രദമായ ചർച്ചകൾ ഉണ്ടാവമെന്നു താൻ പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ വ്യാഴാഴ്ച്ച നടന്ന ഫോൺ സംഭാഷണത്തിൽ ചർച്ചകൾ വഴി യുദ്ധവിരാമം സാധ്യമാക്കുന്നത് ഏറ്റവും അടിയന്തര ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞിരുന്നു. ഇറാനോട് അടുപ്പമുളള ഈ രാജ്യങ്ങൾ നയതന്ത്ര നീക്കങ്ങൾ നടത്താനുള്ള സാധ്യത യുഎസ് കാണുന്നു.
ഇറാൻ വൈറ്റ് ഹൗസിൽ വന്നു സംസാരിക്കാൻ തയാറാണെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ യുദ്ധം മൂലം അവർക്കു പറക്കാൻ കഴിയുന്നില്ലത്രേ.
യൂറോപ്പിന്റെ പ്രതിനിധികൾ വെള്ളിയാഴ്ച്ച ജനീവയിൽ ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തുന്നുണ്ട്. ഇസ്രയേൽ ആക്രമണം ആരംഭിച്ചതോടെ യുഎസുമായുളള ചർച്ചയിൽ നിന്നു പിന്മാറിയ ഇറാനോട് വീണ്ടും ചർച്ചയ്‌ക്കെത്താൻ ജനീവയിലേക്കു പോകും മുൻപ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി നിർദേശിച്ചു. യുഎസ് ജനീവയിൽ പങ്കെടുക്കുന്നില്ല.
"ഇറാനുമായി ചർച്ചകൾ നടക്കാൻ സമീപ ഭാവിയിൽ ഗണ്യമായ സാധ്യതകൾ ഉണ്ടാവുകയോ ഉണ്ടാകാതിരിക്കയോ ചെയ്യാമെന്നു കരുതുന്നു" എന്നാണ് വൈറ്റ് ഹൗസ് പുറത്തു വിട്ട അറിയിപ്പിൽ ട്രംപ് പറയുന്നത്. "അതു കൊണ്ട് എന്റെ തീരുമാനം ഞാൻ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ എടുക്കും."
ഇറാൻ ആധ്യാത്മിക പരമാധികാരി ആയത്തൊള്ള അലി ഖമെയ്‌നി തീരുമാനിക്കുമ്പോൾ അണ്വായുധം ഉണ്ടാക്കാൻ ഇറാന് ഇപ്പോൾ കഴിയുമെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് പറഞ്ഞു. "എന്നാൽ നയതന്ത്ര സാധ്യതയുണ്ട്, അത് കൈവിടേണ്ട എന്നാണ് പ്രസിഡന്റ് ചിന്തിക്കുന്നത്."
അണ്വായുധം ഉണ്ടാക്കാൻ യുറേനിയം സമ്പുഷ്ടമാക്കുന്ന പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണം എന്നതാണ് മധ്യസ്ഥർ ഇറാനോട് നിർദേശിക്കുന്നത്. ഇറാൻ അണ്വായുധം ഉണ്ടാക്കാൻ പാടില്ലെന്നു യുഎസും ഇസ്രയേലും നിഷ്കർഷിക്കുന്നു.
അതിനോടു യോജിച്ചിരുന്നെങ്കിൽ ഇസ്രയേലിന്റെ ആക്രമണം ഒഴിവാക്കാൻ കഴിഞ്ഞേനെ എന്നാണ് ട്രംപ് ഇറാന് നൽകുന്ന സന്ദേശം.
ഇറാന്റെ യുറേനിയവും ആണവ ശേഷിയും തീർത്തു കളയാൻ യുഎസ് സൈനികമായി ഇടപെടണം എന്നതാണ് ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉന്നയിക്കുന്ന ആവശ്യം. സൈനിക ഇടപെടലിലേക്കു എടുത്തു ചാടാൻ ട്രംപ് മടിക്കുന്നത് അതിന്റെ പ്രത്യാഘാതങ്ങൾ കൂടി പരിഗണിച്ചാണ്.
യുഎസ് ഇല്ലാതെയും തങ്ങളുടെ ലക്‌ഷ്യം നേടാൻ കഴിയുമെന്ന നിലപാട് അദ്ദേഹം ആവർത്തിക്കുന്നുമുണ്ട്.
ഫോർദോയിൽ ഇറാന്റെ ആണവ പ്ലാന്റ് അടിച്ചു തകർക്കാൻ പക്ഷെ യുഎസ് ബോംബറുകൾക്കു മാത്രമേ കഴിയൂ. അത് ചെയ്യണം എന്നാണ് ഇസ്രയേലി ആവശ്യം.
ചർച്ചയിലൂടെ പ്രശ്നം തീർക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും നടന്നില്ലെങ്കിൽ സൈനികമായി ഇടപെടുമെന്നും ലീവിറ്റ് വിശദീകരിക്കുന്നു.