/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
അമേരിക്കയിലെ അഭയ (Asylum) നിയമങ്ങൾ കർശനമാക്കുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം. നിലവിൽ അഭയാർഥികളെ യുഎസിൽ താമസിപ്പിക്കുന്ന പുതിയ നിയന്ത്രണം വരുന്നതോടെ അവസാനിപ്പിക്കും. പകരം ഇവരെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റും. ഇതിനായി ഉഗാണ്ട, ഹോണ്ടുറാസ്, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളുമായി യുഎസ് ധാരണയിലെത്തിയിട്ടുണ്ട്.
അഭയാർഥികൾക്ക് ഈ രാജ്യങ്ങളിൽ സംരക്ഷണം തേടാം. മുമ്പ് ആ രാജ്യങ്ങളുമായി ബന്ധമില്ലാത്തവരെപ്പോലും അവിടേക്ക് അയക്കാൻ കോടതികളോട് ഇമിഗ്രേഷൻ വിഭാഗം ആവശ്യപ്പെട്ടു. ഹിയറിങ് ഇല്ലാതെ തന്നെ അഭയ അപേക്ഷകൾ തള്ളാൻ ജഡ്ജിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നവംബർ മാസത്തിൽ മാത്രം അയ്യായിരത്തോളം അപേക്ഷകൾ ഇത്തരത്തിൽ തള്ളാൻ നീക്കം നടന്നു.
രാഷ്ട്രീയ പീഡനം ആരോപിച്ച് സിഖ് വിഘടനവാദി ഗ്രൂപ്പുകളുടെ പിന്തുണയോടെ അഭയം തേടുന്ന ഇന്ത്യക്കാർക്ക് ഈ നീക്കം വലിയ തിരിച്ചടിയാകും. പഞ്ചാബിൽ ഇത്തരത്തിലുള്ള പീഡനങ്ങൾ നടക്കുന്നില്ലെന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ക്രിമിനൽ കേസുകൾ നേരിടുന്നവർ വിദേശത്ത് അഭയം തേടുന്നത് തടയാൻ ഇത് സഹായിക്കും.
ഒരു വർഷത്തിനുള്ളിൽ ആറ് ലക്ഷം പേരെ നാടുകടത്താനാണ് ട്രംപ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ 37 ലക്ഷത്തിലധികം കേസുകൾ ഇമിഗ്രേഷൻ കോടതികളുടെ പരിഗണനയിലുണ്ട്. മാനുഷിക പരിഗണനകൾ നൽകുന്ന അമേരിക്കൻ അഭയ നിയമത്തെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. എന്നാൽ, സുരക്ഷിതമായ രാജ്യം എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ഇഷ്ടമുള്ള രാജ്യം തിരഞ്ഞെടുക്കാനുള്ള വഴിയല്ല ‘അഭയം’ എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us