/sathyam/media/media_files/2025/08/17/hfgg-2025-08-17-05-05-01.jpg)
അലാസ്‌ക ഉച്ചകോടിയിൽ യുക്രൈൻ ഭൂമി വിട്ടു കൊടുക്കാതെ യുദ്ധം അവസാനിപ്പിക്കുന്ന ധാരണ ഉണ്ടായാൽ പ്രസിഡന്റ് ട്രംപിനെ നൊബേൽ സമാധാന സമ്മാനത്തിനു നോമിനേറ്റ് ചെയ്യാൻ താൻ തയ്യാറാണെന്നു 2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിരാളി ആയിരുന്ന ഹിലരി ക്ലിന്റൺ പറഞ്ഞതിൽ സന്തോഷമെന്നു ട്രംപ്. "അത്... വളരെ നല്ല കാര്യമാണ്," ക്ലിന്റൺ പറഞ്ഞത് ഫോക്സ് ന്യൂസ് ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഒരു വിരാമത്തിനു ശേഷം അദ്ദേഹം പറഞ്ഞു. "അവരെ ഞാൻ വീണ്ടും ഇഷ്ടപ്പെട്ടു തുടങ്ങാം."
റെയ്‌ജിങ് മോഡറേറ്റസ് എന്ന പോഡ്‌കാസ്റ്റിൽ ഉച്ചകോടിക്കു മുൻപ് ക്ലിന്റൺ പറഞ്ഞതു ഇങ്ങിനെ: "സത്യത്തിൽ ഈ ഭീകരമായ യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞാൽ, യുക്രൈൻ ആക്രമണകാരിക്ക് ഭൂമി വിട്ടു കൊടുക്കാതെ യുദ്ധം തീർക്കാൻ കഴിഞ്ഞാൽ, പുട്ടിനെതിരെ നമ്മൾ കണ്ടിട്ടില്ലാത്ത കരുത്തു കാട്ടാൻ കഴിഞ്ഞാൽ, ഞാൻ അദ്ദേഹത്തെ നൊബേൽ പീസ് പ്രൈസിനു നോമിനേറ്റ് ചെയ്യാം.
"കാരണം, പുട്ടിനു കീഴടങ്ങാതിരിക്കുക എന്നതാണ് എന്റെ ലക്‌ഷ്യം."
ട്രംപിനെ ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും റിപ്പബ്ലിക്കൻ റെപ്. ബഡി കാർട്ടറും ഇസ്രയേൽ-ഇറാൻ യുദ്ധം തീർത്തതിന്റെ പേരിൽ നൊബേൽ സമ്മാനത്തിനു നിർദേശിച്ചിട്ടുണ്ട്.
പാക്കിസ്ഥാനും കംബോഡിയയും അർമീനിയയും അസർബൈജാനും അദ്ദേഹത്തെ നോമിനേറ്റ് ചെയ്യുമെന്നു പ്രഖ്യാപിച്ചിട്ടുമുണ്ട്.