യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് സന്ദർശിക്കാൻ ക്ഷണിച്ചു. ഇന്ത്യയിൽ ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്ക് എത്താൻ ട്രംപിനെ മോദി ക്ഷണിച്ചിട്ടുമുണ്ട്.
കാനഡയിൽ ജി 7 ഉച്ചകോടിക്കിടെ ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച്ച നിശ്ചയിച്ചിരുന്നു. എന്നാൽ ട്രംപിന് അടിയന്തരമായി യുഎസിലേക്കു മടങ്ങേണ്ടി വന്നതിനാൽ അത് നടക്കാതെ പോയി. കാനഡയിൽ നിന്ന് മടങ്ങും വഴി വാഷിംഗ്‌ടണിൽ എത്താമോ എന്നാണ് ട്രംപ് മോദിയെ ഫോൺ വിളിച്ചപ്പോൾ ചോദിച്ചത്.
മുൻകൂട്ടി നിശ്ചയിച്ച മറ്റു പരിപാടികൾ ഉള്ളതിനാൽ അതിനു നിവൃത്തിയില്ലെന്നു മോദി അറിയിച്ചപ്പോൾ സൗകര്യപ്പെടുമ്പോൾ യുഎസിലേക്ക് വരാൻ ട്രംപ് ക്ഷണിച്ചെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിൽ പറഞ്ഞു.
ഇരു നേതാക്കളും 35 മിനിറ്റ് നീണ്ട ഫോൺ കോളിൽ ഒട്ടേറെ കാര്യങ്ങൾ ചർച്ച ചെയ്തെന്നു മിസ്രി പറഞ്ഞു. "ഇന്തോ-പാസിഫിക് സ്ഥിതിവിശേഷം ചർച്ച ചെയ്തു. അടുത്ത ക്വാഡ് ഉച്ചകോടിക്ക് പ്രസിഡന്റ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്കു ക്ഷണിച്ചു. ട്രംപ് ക്ഷണം സ്വീകരികയും ചെയ്തു.
"ഇന്ത്യയിലേക്കു വരാൻ താൻ ആവേശഭരിതനാണെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി."
യുഎസ്, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ക്വാഡ് ഇന്തോ-പാസിഫിക്കിലെ ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്ന ഗ്രൂപ്പാണ്.