ന്യൂ യോർക്കിൽ ഞായറാഴ്ച്ച നടന്ന ഡൊണാൾഡ് ട്രംപിന്റെ റാലിയിൽ കൊമേഡിയൻ ടോണി ഹിൻച്ക്ലിഫ് നടത്തിയ കടുത്ത വർഗീയത നിറഞ്ഞ പരാമർശങ്ങൾ തിരിച്ചടിച്ചതോടെ ട്രംപ് കാമ്പയ്ൻ കെടുതി ഒഴിവാക്കാനുളള ശ്രമങ്ങൾ തുടങ്ങി.
പോർട്ടോ റിക്ക ഒഴുകി നടക്കുന്ന മാലിന്യ കൂമ്പാരമാണെന്നും ലാറ്റിനോകൾ നിയന്ത്രണമില്ലാതെ കുട്ടികളെ പ്രസവിച്ചു കൂട്ടുകയാണെന്നും ആയിരുന്നു കൊമേഡിയൻ ഫലിതമെന്ന മട്ടിൽ പറഞ്ഞത്.
കറുത്ത വർഗക്കാരെയും അദ്ദേഹം വിട്ടില്ല. കേവല പരിഹാസത്തിന്റെ അതിരും കടന്ന വംശവെറി എന്ന ആക്ഷേപം ഉയർന്നതോടെ പ്രബലമായ ലാറ്റിനോ സമൂഹങ്ങളിൽ നിന്നു പ്രഹരമേൽക്കും എന്ന ആശങ്കയിലായി ട്രംപും കൂട്ടരും.
പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത് ഇങ്ങിനെ ആയിരുന്നു: "ഒഴുകി നടക്കുന്ന ഒരേയൊരു മാലിന്യം ഞാൻ കാണുന്നത് ട്രംപിന്റെ ആരാധകരാണ്." അതൊരു പ്രകോപനമായി എന്നു തോന്നിയതു കൊണ്ടാവാം, ലക്‌ഷ്യം വച്ചതു ഹിൻച്ക്ലിഫിനെ ആയിരുന്നുവെന്നു വൈറ്റ് ഹൗസ് പിന്നീട് വിശദീകരിച്ചത്.
എന്തായാലും ട്രംപ് ഹിൻച്ക്ലിഫിനെ കൈവിട്ടു സ്വന്തം കൈകൾ കഴുകി. "അയാളെ എനിക്കറിയില്ല, ആരോ അവിടെ കയറ്റി നിർത്തിയതാണ്" എന്നാണദ്ദേഹം പറയുന്നത്.പോർട്ടോ റിക്കൻ രാഷ്ട്രീയ നേതാവ് സെറൈഡോ ബക്‌സോ ട്രംപിന്റെ രക്ഷയ്ക്കിറങ്ങുകയും ചെയ്തു. തന്റെ സമൂഹം അതൊന്നും കേട്ടാൽ കുലുങ്ങില്ലെന്നു പറഞ്ഞ അവർ ട്രംപിനു പിന്തുണ പ്രഖ്യാപിക്കയും ചെയ്‌തു.
യുദ്ധഭൂമിയായ പെൻസിൽവേനിയയിൽ ആയിരുന്നു ആ പ്രസ്താവന. സംസ്ഥാനത്തെ 8% വരുന്ന ലാറ്റിനോകൾ തിരഞ്ഞെടുപ്പിൽ പ്രബല സമൂഹമാണ്. പെൻസിൽവേനിയ ജയിക്കാതെ വൈറ്റ് ഹൗസ് പിടിക്കാനാവില്ല എന്നാണ് ചിന്താഗതി. ട്രംപും കമല ഹാരിസും സർവേകളിൽ ഒപ്പത്തിനൊപ്പം നിൽക്കുമ്പോഴാണ് പുതിയ വിവാദം പൊട്ടി വീണത്.
ലാറ്റിനോ വംശജനായ റിപ്പബ്ലിക്കൻ സെനറ്റർ മാർക്കോ റുബിയോ പറഞ്ഞു: "പോർട്ടോ റിക്കോ ചവറൊന്നുമല്ല. രാജ്യത്തിന് മികച്ച സംഭാവന നൽകിയ അമേരിക്കൻ പൗരന്മാരുടെ നാടാണ്."
ട്രംപ് അവരെ അധിക്ഷേപിച്ചില്ലെന്നു റുബിയോ ചൂചൂണ്ടിക്കാട്ടി. ഹിൻച് ക്ലിഫിന്റെ പ്രസംഗം മുൻകൂട്ടി പരിശോധിച്ചിരുന്നുവെന്നു ട്രംപ് കാമ്പയ്ൻ പറഞ്ഞു.
കമലാ ഹാരിസിനെതിരെ വഷളൻ പരാമർശം ഉണ്ടായിരുന്നത് നീക്കം ചെയ്യാൻ അയാളോട് നിർദേശിച്ചു.
അംഗീകരിച്ച പ്രസംഗത്തിൽ നിന്നു വഴുതിയാണ് അയാൾ അവഹേളനങ്ങൾ നടത്തിയത്. ആഫ്രിക്കൻ അമേരിക്കൻ പൗരന്മാരെയും യഹൂദരെയും പലസ്തീൻകാരെയും അയാൾ ഒഴിവാക്കിയില്ല.
ഹാരിസ് അതിനെയൊക്കെ അസംബന്ധമെന്നു വിശേഷിപ്പിച്ചു. ജെന്നിഫർ ലോപസ്, ബാഡ് ബണ്ണി തുടങ്ങിയ പോർട്ടോ റിക്കൻ താരങ്ങൾ ഹാരിസ് ദ്വീപിനു വേണ്ടി പ്രഖ്യാപിച്ച പദ്ധതിയെ സ്വാഗതം ചെയ്യുകയും അവർക്കു പിന്തുണ പ്രഖ്യാപിക്കയും ചെയ്തു.
ഹെയ്തിയിൽ നിന്നുള്ള കുടിയേറ്റക്കാർ വളർത്തു മൃഗങ്ങളെ പിടിച്ചു തിന്നുന്നുവെന്നു ആരോപിച്ച ട്രംപ് പിന്നീട് അത്തരം അധിക്ഷേപങ്ങൾ മയപ്പെടുത്തി. ഏറ്റവുമധികം വംശങ്ങൾ ഉൾക്കൊണ്ട കൂട്ടായ്മയാണ് തന്റെ ലക്ഷ്യമെന്നൊക്കെ അദ്ദേഹം അവകാശപ്പെടുന്നു.