പ്രസിഡന്റ് ഡോണാൾഡ് ട്രംപും വിശ്വസ്‌ത മിത്രം എലോൺ മസ്‌കും തമ്മിൽ പരസ്യമായ കലഹം ആരംഭിച്ചതോടെ യുഎസ് ബഹിരാകാശ പദ്ധതികൾ അവതാളത്തിലാകും എന്ന ആശങ്കയും ഉയർന്നു. രാഷ്ട്രീയ തിരിച്ചടിക്കു മുൻഗണന നൽകി ട്രംപ് കരാറുകൾ റദ്ദാക്കിയാൽ നാസയ്ക്കും പെന്റഗണും ബുദ്ധിമുട്ടാവും.
സ്‌പെയ്‌സ് എക്സിന്റെ $22 ബില്യൺ ഗവൺമെന്റ് കരാറുകൾ റദ്ദാക്കുമെന്നു ട്രംപ് താക്കീതു നൽകിയപ്പോൾ നാസ വ്യാപകമായി ഉപയോഗിക്കുന്ന തന്റെ സ്‌പെയ്‌സ് എക്‌സ് റോക്കറ്റുകൾ പിൻവലിക്കുമെന്നു മസ്‌ക് തിരിച്ചടിച്ചു. മണിക്കൂറുകൾക്കുള്ളിൽ പക്ഷെ മസ്‌ക് ആ ഭീഷണി പിൻവലിച്ചു.
സ്‌പെയ്‌സ് എക്‌സ് ഇല്ലെങ്കിൽ നാസ വെട്ടിലാകും എന്നതാണ് സ്ഥിതി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു പതിവായി യാത്രികരെയും കാർഗോയും കൊണ്ടുപോവുകയും തിരിച്ചു കൊണ്ടുവരുകയും ചെയ്യുന്ന ഏക വാഹനമാണ് സ്‌പെയ്‌സ് എക്സിന്റെ ഡ്രാഗൺ. $100 ബില്യൺ മുടക്കുള്ള ബഹിരാകാശ ലബോറട്ടറിയുമായി ബന്ധം അറ്റുപോയാൽ നാസയുടെ പദ്ധതികളെല്ലാം വെള്ളത്തിലായതു തന്നെ.
സ്‌പെയ്‌സ് എക്‌സിനു ഒട്ടേറെ ഫെഡറൽ പദ്ധതികളുമായി ബന്ധമുണ്ട്. നാസയ്ക്കു പുറമെ പെന്റഗണും ആ സേവനങ്ങൾ ഉപയോഗിക്കുന്നു. സാറ്റലൈറ്റുകൾ വിക്ഷേപിക്കുന്നതിലും യുദ്ധരംഗത്തെ ആശയവിനിമയത്തിനും മറ്റുമായി നിരവധി സേവനങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്.
സ്‌പെയ്‌സ് എക്സ് സേവനം തുടർന്നും പ്രയോജനപ്പെടുത്തുമെന്നു നാസ പ്രസ് സെക്രട്ടറി ബഥനി സ്റ്റീവൻസ് അറിയിച്ചു.