ബൈഡന്റെ മാനസികാരോഗ്യം തകർന്നതു മറച്ചു വച്ചതിനെ കുറിച്ച് അന്വേഷിക്കാൻ ട്രംപ് ഉത്തരവിട്ടു

New Update
Bvfhh

മുൻ പ്രസിഡന്റ് ജോ ബൈഡന്റെ മാനസികാരോഗ്യം തകർന്നതു ജനങ്ങളിൽ നിന്നു മറച്ചു വയ്ക്കാൻ അദ്ദേഹത്തിന്റെ സഹായികൾ 'വഞ്ചനാപരമായ ഗൂഢാലോചന' നടത്തിയോ എന്നന്വേഷിക്കാൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ഉത്തരവിട്ടു. ബൈഡന്റെ പേരിൽ അവർ ഓട്ടോപെൻ ഉപയോഗിച്ചോ എന്നന്വേഷിക്കാനും ട്രംപ് നിർദേശിച്ചിട്ടുണ്ട്. 

Advertisment

ബൈഡന്റെ മാനസികമായ കഴിവുകൾ കുറഞ്ഞു വന്നപ്പോൾ പ്രസിഡന്റിന്റെ അധികാരങ്ങൾ ദുരുപയോഗം ചെയ്യാൻ അവർ ഓട്ടോപെൻ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ഒപ്പിട്ടു എന്ന് അടുത്തിടെ കൂടുതൽ കൂടുതൽ വ്യക്തമായിട്ടുണ്ടെന്നു അറ്റോണി ജനറൽ പാം ബോണ്ടിക്കു എഴുതിയ കത്തിൽ ട്രംപ് ചൂണ്ടിക്കാട്ടി.

 "അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും ആശങ്ക ഉയർത്തുന്ന, ഏറ്റവും അപകീർത്തിപരമായ ഗൂഢാലോചനയാണിത്. ആരാണ് യഥാർഥത്തിൽ എക്സിക്യൂട്ടീവ് അധികാരം വിനിയോഗിച്ചതെന്ന കാര്യം അമേരിക്കൻ ജനതയിൽ നിന്നു മനഃപൂർവം മറച്ചു വച്ചു. വിശാലമായ നയം മാറ്റങ്ങൾക്കു ബൈഡന്റെ ഒപ്പു ആയിരക്കണക്കിനു രേഖകളിൽ ഉപയോഗിച്ചു."

ബൈഡന്റെ നാലു വർഷത്തെ ഭരണകാലത്തു തീരുമാനങ്ങൾ എടുത്തത് എങ്ങിനെയെന്നും ബൈഡനു അതൊക്കെ എത്രമാത്രം അറിയാമായിരുന്നു എന്നും ഗൗരവമായ സംശയം ഉണ്ടെന്നു ട്രംപ് വാദിച്ചു. ഡസൻ കണക്കിനു കൊലയാളികൾക്കു വധ ശിക്ഷ ഒഴിവാക്കി. ഒട്ടേറെ കുടുംബാംഗങ്ങൾക്ക് മാപ്പു നൽകി.

ബൈഡന്റെ മാനസികവും ശാരീരികവുമായ കഴിവുകൾ സംബന്ധിച്ച വിവരങ്ങൾ 'ജനങ്ങളിൽ നിന്നു മനഃപൂർവം മറച്ചു വയ്ക്കാൻ നടന്നിട്ടുണ്ടാവും എന്നു കരുതേണ്ട' ശ്രമങ്ങളെ കുറിച്ചു ഫെഡറൽ അന്വേഷണം നടത്തണം എന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. ബൈഡൻ ഭരണത്തിന്റെ അവസാന വർഷങ്ങളിൽ ബൈഡൻ നൽകിയ നിരവധി എക്സിക്യൂട്ടീവ് ഓർഡറുകൾക്കു പിന്നിലുള്ള സാഹചര്യങ്ങളും അന്വേഷിക്കണം. ഓട്ടോപെൻ ഉപയോഗവും.

പുത്രൻ ഹണ്ടർ ബൈഡനു എതിരായ കേസുകൾ നിലവിരിക്കെ അദ്ദേഹത്തിനു മാപ്പു നൽകുന്ന ഉത്തരവ് ബൈഡൻ ഇറക്കി. മൂന്ന് സഹോദരങ്ങൾക്കും മാപ്പു കൊടുത്തു. കൂടാതെ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട 40 പേരിൽ 37 പേർക്കാണ് 2024 ഡിസംബറിൽ മാപ്പു നൽകിയത്. ഇതിനൊക്കെ ഓട്ടോപെൻ ഉപയോഗിച്ചു എന്നാണ് ആരോപണം.  

ഇതേ വിഷയത്തിൽ യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റി അന്വേഷണം നടത്തുന്നുണ്ട്. ചെയർ ജെയിംസ് കോമർ (റിപ്പബ്ലിക്കൻ-കെന്റക്കി) നയിക്കുന്ന അന്വേഷണത്തിൽ അടുത്ത മാസം വിചാരണ നടക്കും.