/sathyam/media/media_files/2025/10/03/bbb-2025-10-03-05-27-06.jpg)
ഖത്തറിനു മുൻപൊരിക്കലും ഇല്ലാത്ത വിധത്തിൽ സൈനിക സുരക്ഷ നൽകാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നീങ്ങുന്നു. ഖത്തറിനു നേരെ ഇസ്രയേൽ നടത്തിയ ഞെട്ടിക്കുന്ന ആക്രമണത്തിനു ശേഷം ബന്ധങ്ങളിൽ ഉണ്ടായ പ്രതിസന്ധി കണക്കിലെടുത്താണ് ട്രംപിന്റെ നടപടി.
ബുധനാഴ്ച്ച വൈറ്റ് ഹൗസ് വെളിപ്പെടുത്തിയ എക്സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് പറയുന്നത് ഖത്തറിന് എതിരായ ഏതു ആക്രമണവും അമേരിക്കയ്ക്ക് എതിരെയുള്ള ആക്രമണമായി കരുതി നടപടി എടുക്കും എന്നാണ്.
തിങ്കളാഴ്ച്ച ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹു വൈറ്റ് ഹൗസിൽ ഉള്ളപ്പോഴാണ് ട്രംപ് ഉത്തരവ് ഒപ്പുവച്ചത്. നെതന്യാഹു അവിടന്നു ഖത്തർ അമീറിനെ വിളിച്ചു ആക്രമണത്തിൽ ഖേദം പ്രകടിപ്പിക്കയും ചെയ്തിരുന്നു.
പുതിയ നടപടി മറ്റൊരു ആക്രമണം നടത്താൻ ഇസ്രയേലിനുള്ള വിലക്കുമാവും. നേറ്റോ സഖ്യത്തിൽ ചേരുന്ന രാജ്യങ്ങൾക്കു ലഭിക്കുന്ന ഉറപ്പു പോലെയാണ് ഖത്തറിന് ഇപ്പോൾ ലഭിച്ചത്. എന്നാൽ അതൊരു കരാറല്ല. കരാറായാൽ സെനറ്റിന്റെ അംഗീകാരം വേണം.
2022ൽ മുൻ പ്രസിഡന്റ് ജോ ബൈഡൻ ഖത്തറിനെ പ്രമുഖ നേറ്റോ സഖ്യ രാഷ്ട്രമായി പ്രഖ്യാപിച്ചിരുന്നു. അവിടെ യുഎസ് സൈനിക താവളവുമുണ്ട്.
ദോഹയിൽ സെപ്റ്റംബർ 9നു ഹമാസ് നേതാക്കളെ ലക്ഷ്യം വച്ച് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. ഹമാസ് നേതാക്കൾ രക്ഷപെടുകയും ചെയ്തു.