വാഷിങ്ടൺ ഡിസി: ഗർഭഛിദ്ര ക്ലിനിക്കുകൾക്ക് പുറത്ത് പ്രാർഥിക്കുകയും ആസൂത്രിതമല്ലാത്ത ഗർഭധാരണങ്ങളിൽ സ്ത്രീകളെ ജീവിതം തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തതുൾപ്പെടെയുള്ള പ്രവൃത്തികൾക്ക് ശിക്ഷിക്കപ്പെട്ട 23 പ്രോ-ലൈഫ് അനുകൂലികൾക്ക് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മാപ്പ് നൽകി.
‘‘അവരെ പ്രോസിക്യൂട്ട് ചെയ്യേണ്ടിയിരുന്നില്ല. അവരിൽ പലരും പ്രായമായവരാണ്. മാപ്പു നൽകുന്ന ഉത്തരവിൽ ഒപ്പിടുന്നത് വലിയ ബഹുമതിയാണ്. അവർ വളരെ സന്തോഷിക്കും’’ ട്രംപ് വ്യക്തമാക്കി.
വാഷിങ്ടൺ ഡി.സിയിൽ നടക്കുന്ന 52-ാമത് വാർഷിക മാർച്ച് ഫോർ ലൈഫിന് ഒരു ദിവസം മുൻപാണ് മാപ്പ് നൽകൽ പ്രഖ്യാപനം. 2021 മുതൽ, ബൈഡൻ-ഹാരിസ് ഭരണകൂടത്തിന്‍റെ നീതിന്യായ വകുപ്പ് കുറഞ്ഞത് 50 പ്രോ-ലൈഫ് വക്താക്കൾക്കെതിരെ ക്രിമിനൽ അല്ലെങ്കിൽ സിവിൽ കേസുകൾ ഫ്രീഡം ഓഫ് ആക്‌സസ് ടു ക്ലിനിക് എൻട്രൻസസ് അഥവാ ഫേസ് ആക്ടിന് കീഴിൽ കൊണ്ടുവന്നിട്ടുണ്ട്. 21 പേർ കുറ്റക്കാരായി, 10 പേർ തടവിലാണ്.
ട്രംപ് തന്‍റെ പ്രചാരണ വേളയിൽ അധികാരമേറ്റാൽ ഉടൻ തന്നെ ഈ പ്രോ-ലൈഫർമാർക്ക് മാപ്പ് നൽകുമെന്ന് സൂചിപ്പിച്ചിരുന്നു. ‘‘ഇതിന്‍റെ പേരിൽ നിരവധി ആളുകൾ ജയിലിലാണ്.ആദ്യ ദിവസം തന്നെ ഞങ്ങൾ അത് ഉടൻ പരിഹരിക്കും’’ ജൂണിൽ ഫെയ്ത്ത് ആൻഡ് ഫ്രീഡം കോളിഷൻ കോൺഫറൻസിൽ ട്രംപ് വ്യക്തമാക്കിയിരുന്നു.