വാഷിങ്ടണ്‍: റഷ്യ-യുക്രൈന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും ഓഗസ്റ്റ് പതിനഞ്ചിന് കൂടിക്കാഴ്ച നടത്തും. അലാസ്‌കയില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തുക. ട്രംപ് സമൂഹമാധ്യമത്തിലാണ് ഇക്കാര്യം അറിയിച്ചത്. പിന്നീട് ക്രെംലിന്‍ വക്താവ് ഇത് സ്ഥിരീകരിക്കുകയ.ും ചെയ്തു. ശാശ്വത സമാധാനം നേടാന്‍ എല്ലാ പങ്കാളികളുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് ഉക്രയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പ്രതികരിച്ചു.
2022 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാന്‍ ഉക്രയ്ന്‍ പ്രദേശം വിട്ടുകൊടുക്കേണ്ടിവരുമെന്ന് ട്രംപ് സൂചന നല്‍കി മണിക്കൂറുകള്‍ക്കു ശേഷമാണ് കൂടിക്കാഴ്ചയുടെ പ്രഖ്യാപനം വന്നത്. കിഴക്കന്‍ ഉക്രയ്‌നിലെ ഡോണ്‍ബാസ് മേഖല റഷ്യ ഏറ്റെടുക്കുകയും ക്രിമിയയെ നിലനിര്‍ത്തുകയും ചെയ്യുന്ന കരാര്‍ അംഗീകരിക്കാന്‍ വൈറ്റ്ഹൗസ് യൂറോപ്യന്‍ നേതാക്കളെ പ്രേരിപ്പിക്കുകയാണെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച മോസ്‌കോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ട്രംപിന്റെ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫിനോട് പുടിന്‍ ഇക്കാര്യം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം, റഷ്യക്ക് പ്രദേശങ്ങള്‍ വിട്ടുകൊടുക്കാന്‍ തയ്യാറാല്ലെന്നാണ് സെലെന്‍സ്‌കിയുടെ പ്രതികരണം.
അതേസമയം യുക്രൈന്‍ യുദ്ധത്തിന് പരിഹാരമെന്ന ലക്ഷ്യത്തോടെ ട്രംപും പുടിനും കൂടിക്കാഴ്ച നടത്തുന്നതിനെ സ്വാഗതം ചെയ്ത് ഇന്ത്യ. യുക്രൈനില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും സമാധാനത്തിനുള്ള സാധ്യതകള്‍ തുറക്കാനും ചര്‍ച്ച സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. വരാനിരിക്കുന്ന യോഗത്തെ ഇന്ത്യ അംഗീകരിക്കുകയും സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യുന്നുവെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.