ബ്രസീലിന്റെ മേൽ 50% ഇറക്കുമതി തീരുവ ചുമത്തിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്കു തിരിച്ചടി നൽകുമെന്നു സൗത്ത് അമേരിക്കൻ രാഷ്ട്രത്തിന്റെ ഇടതുപക്ഷ പ്രസിഡന്റ് ലുലാ ഡി സിൽവ താക്കീതു നൽകിയതോടെ ഇരു രാജ്യങ്ങളും തമ്മിൽ അങ്കം മുറുകി.
ലുലാ ജയിച്ച 2022 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റിട്ടും അധികാരം ഒഴിയാതെ അട്ടിമറി വിപ്ലവം സംഘടിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ വിചാരണ നേരിടുന്ന വലതുതീവ്രവാദി ജെയ്‌ർ ബോൾസനാരോയെ വിട്ടയക്കാൻ സമമർദം ചെലുത്തുകയാണ് താൻ ചെയ്യുന്നതെന്നു പറയാൻ ട്രംപ് മടിച്ചില്ല.
ഏപ്രിലിൽ 10% താരിഫ് ചുമത്തിയ ട്രംപ് ബുധനാഴ്ചയാണ് 50% പ്രഖ്യാപിച്ചു പുതിയ ആയുധം എടുത്തത്. ബോൾസനാരോയെ വേട്ടയാടുന്നു എന്ന ട്രംപിന്റെ പ്രസ്താവന വിശദീകരിക്കാൻ ആവശ്യപ്പെട്ടു യുഎസ് അംബാസഡറെ ബ്രസീൽ വിളിപ്പിച്ചു.
അതിനു പിന്നാലെ, സ്വതന്ത്ര തിരഞ്ഞെടുപ്പിനെ ബ്രസീൽ അട്ടിമറിച്ചെന്നു ചൂണ്ടിക്കാട്ടി ട്രംപ് 50% തീരുവ പ്രഖ്യാപിച്ചു. 2020ൽ ജോ ബൈഡനോട് തോറ്റപ്പോൾ തട്ടിപ്പു നടന്നു എന്നാരോപിച്ച ട്രംപ്, ബോൾസനാരോയുടെ കാര്യത്തിലും ആ ആരോപണം ആവർത്തിച്ചു.
ബ്രസീലിന്റെ നിയമം അനുസരിച്ചുള്ള തിരിച്ചടി തീരുവ ഉണ്ടാകുമെന്നു ലുലാ താക്കീതു നൽകി. "ബോൾസനാരോയെ വെറുതെ വിടുക" എന്ന ട്രംപിന്റെ ആവശ്യം തള്ളിയ അദ്ദേഹം പറഞ്ഞു: "ഇവിടെ ആരും നിയമത്തിനു അതീതരല്ല."
കാനഡ കഴിഞ്ഞാൽ യുഎസിലേക്ക് ഏറ്റവുമധികം സ്റ്റീൽ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ബ്രസീൽ. 2024ൽ നാലു മില്യൺ ടൺ ആണ് അയച്ചത്.