/sathyam/media/media_files/2025/09/22/bhbv-2025-09-22-04-49-59.jpg)
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് താൻ അർഹനെന്ന് ആവർത്തിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ-പാക് സംഘർഷം ഉൾപ്പെടെ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് അവകാശപ്പെട്ടാണ് ട്രംപ് വീണ്ടും ആവശ്യം ഉന്നയിച്ചത്. ലോക വേദിയിൽ തന്നെ ബഹുമാനിക്കപ്പെടേണ്ട ഇടപെടലുകളാണ് താൻ നടത്തുന്നതെന്ന് ട്രംപ് പറഞ്ഞു. 'ഞങ്ങൾ സമാധാന കരാറുകൾക്ക് നേതൃത്വം നൽകുന്നു. യുദ്ധങ്ങൾ നിർത്തുന്നു. ഇന്ത്യ-പാക്, തായ്‌ലൻഡ്-കംബോഡിയ എന്നീ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമുൾപ്പടെ അവസാനിപ്പിച്ചു. എന്റെ ഇടപെടലുകൊണ്ട് മാത്രമാണ് ഈ യുദ്ധങ്ങളെല്ലാം അവസാനിച്ചതെന്നും അമേരിക്കൻ കോർണർസ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന അത്താഴവിരുന്നിൽ സംസാരിക്കവൈ ട്രംപ് അവകാശപ്പെട്ടു.
വ്യാപാരത്തെ മുൻനിർത്തിയാണ് ഇന്ത്യ-പാക് സംഘർഷം നിർത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങൾക്കും വ്യാപാരമെന്നത് പ്രധാനപ്പെട്ട ഒന്നാണ്. ഇന്ത്യയുടേയും പാകിസ്ഥാന്റെയും രാഷ്ട്രത്തലവന്മാരോട് ബഹുമാനമുണ്ട്. യുദ്ധം തുടരാനാണ് നിങ്ങൾ തീരുമാനിക്കുന്നതെങ്കിൽ വ്യാപാരം നിർത്തുകയാണെന്ന് പറഞ്ഞു . അവർ യുദ്ധം അവസാനിപ്പിച്ചു. ആണവായുധങ്ങൾ കൈവശം ഉണ്ടായിരുന്നിട്ട് കൂടി അവർ യുദ്ധം നിർത്തുകയാണ് ചെയ്തത് ട്രംപ് അവർത്തിച്ചു.
ട്രംപിന്റെ അവകാശ പട്ടികയിൽ അർമേനിയ, അസർബൈജാൻ, കൊസോവോ, സെർബിയ, ഇസ്രയേൽ, ഇറാൻ, ഈജിപ്ത്, എത്യോപ്യ, റുവാണ്ട, കോംഗോ എന്നീ രാജ്യങ്ങളും ഉൾപ്പെടുന്നുണ്ട്. ഈ രാജ്യങ്ങൾ തമ്മിലുണ്ടായിരുന്ന സംഘർഷങ്ങളിൽ 60 ശതമാനവും വ്യാപാരത്തെ മുൻനിർത്തിയാണ് അവസാനിപ്പിച്ചതെന്നും ട്രംപ അവകാശപ്പെട്ടു.താൻ അവസാനിപ്പിച്ച ഏഴ് യുദ്ധങ്ങളിൽ ഓരോന്നിനും പ്രത്യേക പുരസ്കാരം നൽകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റഷ്യ-യുക്രെയ്ൻ സംഘർഷം പരിഹരിക്കാൻ എളുപ്പമാണെന്നാണ് കരുതിയിരുന്നതെന്നും ട്രംപ് നിരാശ പ്രകടിപ്പിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനിൽ താൻ നിരാശനാണെന്നും അദ്ദേഹം തന്റെ നല്ല സുഹൃത്തായിരുന്നിട്ട് കൂടി യുദ്ധമവസാനിപ്പിക്കാൻ കഴിഞ്ഞില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.