/sathyam/media/media_files/2025/08/13/tvcf-2025-08-13-04-38-49.jpg)
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയുടെ മേൽ താൻ ചുമത്തിയ അധിക തീരുവ റഷ്യയ്ക്കു കനത്ത പ്രഹരമായെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച്ച അവകാശപ്പെട്ടു. അതു കൊണ്ടാണ് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് പുട്ടിൻ തയ്യാറാവുന്നത് എന്നദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച്ച യുദ്ധം സംബന്ധിച്ച് പുട്ടിനുമായി ചർച്ച നടത്താനിരിക്കെയാണ് ട്രംപ് ഈ അവകാശവാദം നടത്തിയത്. യുദ്ധത്തിൽ റഷ്യൻ സമ്പദ് വ്യവസ്ഥ ക്ഷീണിച്ചു നിൽക്കെയാണ് അവരിൽ നിന്നു ഏറ്റവുമധികം എണ്ണ വാങ്ങുന്ന രണ്ടാമത്തെ രാജ്യത്തിനു താൻ 50% തീരുവ അടിച്ചതെന്നു ട്രംപ് പറഞ്ഞു.
"അതിനേക്കാളൊക്കെ വലിയ അടി കൊടുക്കാമെന്നു ഞാൻ ആലോചിച്ചതാണ്. അപ്പോഴാണ് ചർച്ച നടത്താമെന്നു റഷ്യ വിളിച്ചു പറഞ്ഞത്.
"അവർ വെടിനിർത്തൽ സംബന്ധിച്ച് എന്താണ് പറയാൻ പോകുന്നതെന്ന് നോക്കട്ടെ. രണ്ടു കൂട്ടർക്കും ഏറ്റവും മികച്ചതാവുന്ന ഡീൽ ആണ് ഞാൻ ആഗ്രഹിക്കുന്നത്."
പുട്ടിനും യുക്രൈൻ പ്രസിഡന്റ് സിലിൻസ്കിയും തമ്മിൽ നേരിട്ട് സംസാരിക്കണം എന്നതാണ് തന്റെ ആവശ്യമെന്നു ട്രംപ് പറഞ്ഞു. അതിനു ശ്രമം നടക്കുന്നുണ്ട്.
ഉയർന്ന താരിഫ് കൊണ്ട് യുഎസിനു വമ്പിച്ച വരുമാനം മാത്രമല്ല, ശതൃക്കളുടെ മേൽ ഏറെ കരുത്തും ലഭിച്ചെന്നു ട്രംപ് അവകാശപ്പെട്ടു.
ചൈന വമ്പിച്ച താരിഫ് നൽകുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. "പ്രസിഡന്റ് ഷിയുമായി എനിക്ക് മികച്ച സൗഹൃദമാണുള്ളത്."