ചൈനയുമായി യുഎസ് വ്യാപാര കരാർ ഒപ്പു വച്ചു കഴിഞ്ഞെന്നും ഇന്ത്യയുമായുള്ള 'വമ്പൻ' കരാർ ഉടൻ വരുന്നുവെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ഹൗസ് പാസാക്കിയ ബജറ്റ് ബില്ലിന്റെ ആഘോഷ വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അദ്ദേഹം പറഞ്ഞു: "ആർക്കെങ്കിലും നിങ്ങളുമായി കരാർ ഒപ്പിടാൻ താല്പര്യമുണ്ടോ എന്ന് ഏതാനും മാസം മുൻപ് മാധ്യമങ്ങൾ ചോദിച്ചിരുന്നു. എല്ലാവർക്കും താൽപര്യമുണ്ട്. ചൈനയുമായുള്ള കരാർ ഇന്നലെ ഒപ്പുവച്ചു. അതിൽ ചില വലിയ മെച്ചങ്ങളുണ്ട്.
"ഇനി ഒരു വമ്പൻ കരാർ വരുന്നുണ്ട്. ഇന്ത്യയുമായി. വളരെ വലിയൊരു കരാർ. ഇന്ത്യയുടെ വിപണി നമ്മൾ തുറക്കുന്നു.
"എല്ലാവരുമായും കരാറിനു നമ്മൾ പോകുന്നില്ല. ചിലരോട് നമ്മൾ നന്ദി പറഞ്ഞു അവസാനിപ്പിക്കും. എന്നാൽ ചില വമ്പൻ ഡീലുകൾ ചെയ്യാൻ പോകുന്നു. ഇത്രയും നല്ല കാര്യങ്ങൾ ഒരിക്കലും സംഭവിച്ചിട്ടില്ല. എല്ലാ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ മികച്ചതാണ്."
എന്നാൽ ചൈനയുമായുള്ള കരാറിനെ കുറിച്ച് അദ്ദേഹം വിശദീകരിച്ചില്ല. ഇരു രാജ്യങ്ങളും കയറ്റുമതിക്കുള്ള നിയന്ത്രണങ്ങൾ നീക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യയുമായുള്ള കരാറിനെ കുറിച്ച് ഏറെ ശുഭാപ്തി വിശ്വാസമുണ്ടെന്നു യുഎസ് കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക് ഈ മാസമാദ്യം പറഞ്ഞിരുന്നു. ഇന്ത്യയ്ക്കു വേണ്ടി ചർച്ച നയിക്കുന്ന വ്യാപാര-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ജൂൺ 10നു പറഞ്ഞത് തൃപ്തികരമായ കരാർ തയ്യാറാവുന്നു എന്നാണ്.