കാനഡയുമായി ഒരു വ്യാപാര കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡ ചർച്ചയ്ക്ക് പകരം താരിഫുകൾക്ക് മാത്രമാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആഴ്ച ആദ്യം കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി “മോശം കരാറിന്” കാനഡ തയ്യാറല്ലെന്നും ധൃതിപിടിച്ച് ഒരു കരാറിൽ ഏർപ്പെടില്ലെന്നും സൂചിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവന.
ഓഗസ്റ്റ് 1-നകം കരാറിൽ എത്തിയില്ലെങ്കിൽ കാനഡയിൽ നിന്നുള്ള സാധനങ്ങൾക്ക് 35% നികുതി ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ നിലവിലുള്ള വടക്കേ അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാർ പ്രകാരമുള്ള സാധനങ്ങൾക്ക് ഇത് ബാധകമല്ല. നിലവിൽ ചില കനേഡിയൻ സാധനങ്ങൾക്ക് 25% തീരുവയും, അലുമിനിയം, സ്റ്റീൽ ഇറക്കുമതികൾക്ക് 50% തീരുവയും, അമേരിക്കയിൽ നിർമ്മിക്കാത്ത എല്ലാ കാറുകൾക്കും ട്രക്കുകൾക്കും 25% തീരുവയും ട്രംപ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് അമേരിക്കൻ ഉൽപ്പാദനത്തെ ഉത്തേജിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ സംരക്ഷിക്കുമെന്നുമാണ് ട്രംപിന്റെ വാദം.