ന്യൂയോർക്ക്: റിപ്പബ്ലിക്കൻ പ്രൈമറിയിൽ ശേഷിക്കുന്ന ഏക എതിരാളിയായ നിക്കി ഹേലിയുടെ ഭർത്താവ് മൈക്കൽ ഹേലി എവിടെ എന്ന ചോദ്യം ഉയർത്തി ഡൊണാൾഡ് ട്രംപ്. സൗത്ത് കരളിന നാഷനൽ ഗാർഡ്‌സിൽ കമ്മിഷൻഡ് ഓഫീസറായ മേജർ ഹേലി വിദേശത്തു സൈനിക സേവനത്തിലാണ് എന്ന കാര്യം അവഗണിച്ചു ട്രംപ് പറഞ്ഞു: "അയാൾ പോയി, പോയി."
ആക്ഷേപത്തിനു മറുപടി പറയാൻ ഹേലി ഒട്ടും മടിച്ചില്ല. "മൈക്കലിന്റെ സേവനത്തിൽ എനിക്ക് അഭിമാനമുണ്ട്. ഓരോ സൈനികന്റെ ഭാര്യക്കും അറിയാം അതൊരു ത്യാഗമാണെന്ന്. യുദ്ധത്തിനു പോകുന്നയാളുടെ സേവനത്തെ പരിഹസിച്ചാൽ... നിങ്ങൾക്കൊരു ഡ്രൈവിംഗ് ലൈസൻസിനു പോലും അർഹതയില്ല, പിന്നെയല്ലേ യുഎസ് പ്രസിഡന്റാവുന്നത്.
"ഡൊണാൾഡ്, നിങ്ങൾക്കു എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ പിന്നിൽ നിന്നു പറയാതിരിക്കുക. ഡിബേറ്റിനു വരിക, എന്റെ മുഖത്തു നോക്കി പറയുക."
ഹേലി ഗവർണർ ആയിരുന്ന സൗത്ത് കരളിനയിൽ ശനിയാഴ്ച്ച കോൺവേയിൽ നടന്ന റാലിയിൽ ട്രംപ് പണ്ടു ഹേലി ഫ്ലോറിഡയിലെ തന്റെ മാർ-എ-ലഗോ വസതിയിൽ വന്ന കഥ പറഞ്ഞു. "അവർ എന്നെ കാണാൻ മാർ-എ-ലഗോയിൽ വരുന്നു. സർ, 'ഞാൻ ഒരിക്കലും അങ്ങേയ്ക്ക് എതിരെ മത്സരിക്കില്ല' എന്നു പറയുന്നു. ഭർത്താവിനെയും കൂടെ കൂട്ടിയിരുന്നു. ഇപ്പോൾ എവിടെയാണ് ഭർത്താവ്? അദ്ദേഹം ദൂരെ എവിടെയോ ആണ്.
“അദ്ദേഹം ദൂരെയാണ്. അവരുടെ ഭർത്താവിന് എന്തു സംഭവിച്ചു? അദ്ദേഹം എവിടെ? അദ്ദേഹം പോയി! അദ്ദേഹത്തിന് അറിയാമായിരുന്നു, അറിയാമായിരുന്നു!"
ഹോൺ ഓഫ് ആഫ്രിക്കയിൽ യുഎസ് 218 മനുവർ എൻഹാൻസ്മെൻറ്റ് ബ്രിജിനൊപ്പമാണ് മൈക്കൽ ഹേലി ഇപ്പോൾ. ഒരു വർഷത്തെ ദൗത്യം. ജൂണിലാണ് അദ്ദേഹം അവിടേക്കു പോയത്.
ഹേലി സാമൂഹ്യ മാധ്യമങ്ങളിൽ എഴുതി: "മൈക്കൽ രാജ്യത്തിൻറെ സേവനത്തിനു നിയുക്തനായതാണ്. നിങ്ങൾക്കെല്ലാം അതറിയാം. സൈനിക കുടുംബങ്ങളുടെ ത്യാഗങ്ങൾ തുടർച്ചയായി അനാദരിക്കുന്ന ഒരാൾക്കും കമാൻഡർ-ഇൻ-ചീഫ് ആകാനുള്ള യോഗ്യതയില്ല."
മൈക്കൽ ഹേലിയും ട്രംപിനെ വെറുതെ വിട്ടില്ല. "മനുഷ്യരും മൃഗങ്ങളും തമ്മിലുളള വ്യത്യാസം അറിയാമല്ലോ," അദ്ദേഹം ട്വീറ്റ് ചെയ്തു. "മൃഗങ്ങൾ ഏറ്റവും വലിയ മണ്ടന്മാരെ നേതാവാക്കില്ല." ട്രംപിനെ ട്വീറ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട് മൈക്കൽ.
ഫെബ്രുവരി 24നു സൗത്ത് കരളിനയിൽ നടക്കുന്ന പ്രൈമറിയിൽ ട്രംപും ഹേലിയും വീണ്ടും ഏറ്റുമുട്ടും. രണ്ടു തവണ ഗവർണറായ ഹേലി ഇവിടെ സർവേകളിൽ പിന്നിലാണ്.