ഇന്ത്യ ഇറക്കുമതി വാഹനങ്ങൾക്കു 100 ശതമാനത്തിലേറെ തീരുവ ചുമത്തുന്നു എന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ് കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞതു ശരിയല്ലെന്നു നിരീക്ഷകർ. കഴിഞ്ഞ മാസം ഇന്ത്യയുടെ വാർഷിക ബജറ്റിൽ ഇറക്കുമതി വാഹനങ്ങളുടെ തീരുവ 125 ശതമാനത്തിൽ നിന്ന് 70% ആയി കുറച്ചിരുന്നു.
മോട്ടോർ സൈക്കിളുകൾക്കു 50ൽ നിന്നു 40% ആയും കുറച്ചു.ഇന്ത്യക്കെതിരെ ബദൽ തീരുവ ചുമത്തുമെന്ന ട്രംപിന്റെ താക്കീതു നിലനിൽക്കെ, കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അക്കാര്യം യുഎസ് ഉദ്യോഗസ്ഥന്മാരുമായി ചർച്ച ചെയ്യാൻ എത്തുന്നുണ്ട്.
താരിഫ് കൂട്ടാനുളള തീരുമാനത്തെ ന്യായീകരിച്ചു ട്രംപ് പറഞ്ഞു: "എണ്ണമറ്റ രാജ്യങ്ങൾ പതിറ്റാണ്ടുകളായി നമ്മൾ പിരിക്കുന്നതിൽ വളരെ കൂടിയ താരിഫ് പിരിക്കുന്നുണ്ട്. അവർ എന്തു പിരിക്കുന്നോ അതനുസരിച്ചു നമ്മളും പിരിക്കും."യൂറോപ്യൻ യൂണിയൻ, ചൈന, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളെ ട്രംപ് എടുത്തു പറഞ്ഞു."നമ്മുടെ ഉത്പന്നങ്ങൾക്കു ചൈന നമ്മൾ വാങ്ങുന്നതിന്റെ ഇരട്ടി തീരുവയാണ് വാങ്ങുന്നത്. സൗത്ത് കൊറിയയുടെ താരിഫ് ശരാശരി നാലിരട്ടിയാണ്.
"യുഎസിൽ ഏറ്റവും വിറ്റഴിയുന്ന കാറുകൾ സഖ്യരാഷ്ട്രമായ സൗത്ത് കൊറിയയിൽ നിന്നു വരുന്നവയാണ്.കാർ വാങ്ങാൻ വായ്പ എടുക്കുന്നവർക്കു അതിന്റെ പലിശയിൽ ലഭിക്കുന്ന നികുതി ഇളവ് യുഎസ് നിർമിത വാഹനങ്ങൾക്കു മാത്രമേ ലഭിക്കൂ എന്നു ട്രംപ് വ്യക്തമാക്കി. ആഭ്യന്തര ഉത്പാദനം കൂട്ടാൻ നികുതി ഇളവ് നൽകും.