ഇറാൻ വീണ്ടും യുറേനിയം സമ്പുഷ്ടമാക്കാൻ തുടങ്ങി എന്ന റിപ്പോർട്ടുകൾക്കിടയിൽ, അതൊരു പ്രശ്നമായിത്തീരുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധന അവർ നിരസിക്കുന്നത് ശരിയല്ല. "അവർ മറ്റൊരിടത്തു വീണ്ടും തുടങ്ങും എന്നാണ് എന്റെ തോന്നൽ," ന്യൂ ജേഴ്സിയിലേക്കു പറക്കുമ്പോൾ ട്രംപ് പറഞ്ഞു. "അവർ തുടങ്ങിയിട്ടുണ്ടെങ്കിൽ അതൊരു പ്രശ്നമാണ്."
ഇറാന്റെ ആണവ പദ്ധതി സ്ഥിരമായി തകർന്നു എന്നാണ് ട്രംപിന്റെ വിലയിരുത്തൽ. ആണവ നിലയങ്ങളൊക്കെ യുഎസ് ആക്രമണത്തിൽ തകർന്നു. "എന്നാൽ അവർക്കു മറ്റൊരിടത്തു വീണ്ടും തുടങ്ങാം.''
തിങ്കളാഴ്ച്ച വൈറ്റ് ഹൗസിൽ എത്തുന്ന ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നു ട്രംപ് പറഞ്ഞു. ഗാസ വെടിനിർത്തൽ ആവും പ്രധാന ചർച്ചാ വിഷയം.
യുഎസ് ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ ഇറാൻ ആണവ ഏജൻസിയുമായുളള സഹകരണം അവസാനിപ്പിച്ചിരിക്കയാണ്. ഇറാന് വീണ്ടും ആണവ പദ്ധതി ആരംഭിക്കാൻ കഴിയുമെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ.