New Update
/sathyam/media/media_files/2025/06/27/bgbvbb-2025-06-27-05-49-00.jpg)
യുഎസ്-ഇറാൻ ചർച്ച അടുത്തയാഴ്ച്ച പുനരാരംഭിക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച്ച പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ നിർമിക്കാൻ ശ്രമിച്ചാൽ വീണ്ടും ആക്രമിക്കാൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"അടുത്ത ആഴ്ച്ച നമ്മൾ അവരുമായി സംസാരിക്കാൻ പോവുകയാണ്, ഇറാനുമായി. ചിലപ്പോൾ കരാർ ഒപ്പിടും, എനിക്കറിയില്ല," ട്രംപ് നേറ്റോ ഉച്ചകോടി നടക്കുന്ന ദ ഹേഗിൽ മാധ്യമങ്ങളോടു പറഞ്ഞു.
എവിടെയാണ് ചർച്ച നടക്കുക എന്നോ ആരാണ് മധ്യസ്ഥർ എന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല. "ഇനി ആണവ പരിപാടി ഉണ്ടാവില്ലെന്ന് എഴുതി തരാൻ ഞങ്ങൾ അവരോട് ആവശ്യപ്പെടും. അവർ അതു ചെയ്യാൻ ഇടയില്ല. എങ്കിലും ഞങ്ങൾ മിക്കവാറും ആവശ്യപ്പെടും.
"അവരുമായി നമുക്കൊരു ബന്ധം ഉണ്ടാക്കാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം."
ഇറാൻ ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ യുഎസ് ആക്രമിക്കുമോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "തീർച്ചയായും."
ഇറാൻ യുറേനിയം സമ്പുഷ്ടമാക്കില്ല എന്നാണ് തന്റെ വിശ്വാസമെന്നു ട്രംപ് പറഞ്ഞു. "ഇറാന്റെ 900 പൗണ്ട് യുറേനിയം ഫോർദോ അണുനിലയത്തിൽ ഇടിച്ചു നിരത്തപ്പെട്ട 300 അടി അവശിഷ്ടങ്ങൾക്കടിയിലാണ്. 30,000 പൗണ്ട് വീതമുള്ള 14 ബങ്കർ ബസ്റ്റർ ബോംബുകളാണ് അവിടെ അടിച്ചു തകർത്തത്."
ഇറാന്റെ യുറേനിയം എവിടെയാണെന്ന് അറിയില്ലെന്നു അന്താരാഷ്ട്ര ആണവ ഏജൻസി ഡയറക്റ്റർ റഫായേൽ ഗ്രോസി ചൊവാഴ്ച്ച പറഞ്ഞിരുന്നു. അത് 60% സമ്പുഷ്ടമാക്കിയിരുന്നു. അണ്വായുധം ഉണ്ടാക്കാൻ 90-93% വേണം.
അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങളിൽ ഇറാന്റെ ആണവ പരിപാടി അനേകം വർഷങ്ങൾ പിന്നിലേക്കു പോയിട്ടുണ്ടെന്ന് അദ്ദേഹം വിലയിരുത്തി.