അതുക്കും മേലെ: യുഎന്നു മേൽ നിരീക്ഷണം നടത്തുന്ന നിലയിലേക്കു 'ബോർഡ്' വളരുമെന്നു ട്രംപ്

New Update
Trump

ഗാസയുടെ പുനർ നിർമാണത്തിനെന്ന പേരിൽ രൂപം നൽകിയ ബോർഡ് ഓഫ് പീസ് ഗാസയ്ക്കും അപ്പുറം പോയി യുഎന്നു തന്നെ മേൽനോട്ടം വഹിക്കുന്ന അന്താരാഷ്ട്ര സംഘടനയായി മാറ്റാനാണ് തന്റെ ലക്ഷ്യമെന്നു പ്രസിഡന്റ് ട്രംപ്. വ്യാഴാഴ്ച്ച ബോർഡിൻറെ ആദ്യ യോഗത്തിൽ ട്രംപ് വ്യക്തമായി തന്നെ പറഞ്ഞു: "ബോർഡ് ഓഫ് പീസ് യുണൈറ്റഡ് നേഷൻസിനു മേൽ നിരീക്ഷണം നടത്തി അത് ശരിയായി നടത്തുമെന്ന് ഉറപ്പ് വരുത്തും.”

Advertisment

ഇക്കാര്യം ശ്രദ്ധയിൽ സെക്രട്ടറി ജനറൽ പെടുത്തിയപ്പോൾ യുഎൻ അന്റോണിയോ ഗട്ടറസിന്റെ വക്താവ് പ്രതികരിച്ചത് ഇങ്ങിനെ ആയിരുന്നു: "നമ്മുടെ മാർഗ നിർദേശക രേഖയായ യുഎൻ ചാർട്ടർ അനുസരിച്ചു യുഎൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത് അംഗ രാഷ്ട്രങ്ങളും സെക്യൂരിറ്റി കൗൺസിലുമാണ്."

ഗാസയിൽ യുദ്ധം നിർത്താനും പുനർനിർമാണം നടത്താനും ബോർഡിനു സെക്യൂരിറ്റി കൗൺസിൽ അനുമതി നൽകിയിട്ടുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. എന്നാൽ അത് പരിമിതമായ ദൗത്യം മാത്രമാണ്.

എന്നാൽ ഗാസയിൽ വിജയം കണ്ടാൽ മറ്റു മേഖലകളിലേക്കു വ്യാപിക്കാമെന്നു ട്രംപ് പറയുന്നു."നമുക്ക് മറ്റു പല കാര്യങ്ങളും ചെയ്യാം. നമ്മൾ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ചെയ്യാം. അതിനു യുഎൻ സഹകരിക്കുകയും ചെയ്യും."

യുഎൻ അതിനു സാധ്യമായ കാര്യങ്ങൾ ചെയ്തില്ല എന്ന വിമർശനം ട്രംപ് ആവർത്തിച്ചു. യുഎസ് നാലു ബില്യൺ ഡോളറോളം നൽകാനുള്ളത് പിടിച്ചു വച്ചിരിക്കുന്നത് യുഎന്നു ബുദ്ധിമുട്ടായിട്ടുണ്ട്. ട്രംപ് പറഞ്ഞു: "അവർക്കു ധനസഹായം ആവശ്യമുണ്ട്, നമ്മൾ സഹായിക്കും. യുഎൻ നിലനിൽക്കുമെന്നു നമ്മൾ ഉറപ്പാക്കും.

കൊടുക്കാനുള്ള പണം കൊടുക്കാൻ യുഎസ് കോൺഗ്രസ് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ കൊടുക്കുമെന്ന് ട്രംപ് ഉറപ്പു പറയുന്നില്ല.

ഇന്ത്യയിൽ എ ഐ ഉച്ചകോടിക്കു പോയ ഗട്ടറസ് ഉടനെ തന്നെ വിളിക്കുമെന്നു ട്രംപ് പറഞ്ഞെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും അതുണ്ടായില്ല.

Advertisment