റഷ്യയുമായുള്ള യുദ്ധത്തെ അതിജീവിക്കാൻ യുക്രൈനു കഴിഞ്ഞെന്നു വരില്ലെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച്ച പറഞ്ഞു. യുഎസ് പൂർണമായി സഹായിച്ചാലും പ്രയോജനമില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
യുഎസ് സഹായം ഫലത്തിൽ നിർത്തലാക്കിയതിൽ പോളിഷ് പ്രസിഡന്റ് ആന്ദ്രേ ഡ്യുഡാ ഉൾപ്പെടെയുള്ള യൂറോപ്യൻ നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു പ്രതികരണം: "എന്തായാലും അവർ അതിജീവിക്കുമെന്നു തോന്നുന്നില്ല." യുദ്ധം ഉണ്ടാവാൻ പാടില്ലായിരുന്നു എന്ന് ട്രംപ് പറഞ്ഞു. "എന്തായാലും ഉണ്ടായി. അപ്പോൾ ആ ദുരിതം തുടരും."
യുക്രൈനുമായി ഇന്റലിജൻസ് പങ്കു വയ്ക്കുന്നതു പോലും യുഎസ് നിർത്തിവച്ചിരിക്കെ അവർ ശരിക്കും വെട്ടിലായി. ചൊവാഴ്ച്ച സൗദി അറേബ്യയിൽ യുഎസ്-യുക്രൈൻ ചർച്ച നടക്കും. പ്രസിഡന്റ് സിലിൻസ്കി സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാനെ കാണാൻ എത്തുന്നുണ്ടെങ്കിലും ചർച്ചയിൽ പങ്കെടുക്കുന്നില്ല.
ബൈഡൻ ഭരണകൂടം യുക്രൈനു വാരിക്കോരി സഹായം നൽകിയിരുന്നു. എന്നാൽ ട്രംപ് സിലൻസ്കിയെ ആക്രമണകാരിയെന്നും ഏകാധിപതിയെന്നും വിളിക്കയും സഹായം നിർത്തുകയും ചെയ്തു.