/sathyam/media/media_files/2025/08/13/ggfff-2025-08-13-04-00-35.jpg)
യുഎസ്-റഷ്യ ഉച്ചകോടിക്കു മുന്നോടിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണിയും യുക്രൈൻ പ്രസിഡൻറ് വോളോദിമിർ സിലിൻസ്കിയുമായി സംസാരിച്ചതിനു പിന്നാലെ, യുദ്ധം തീർക്കാൻ ഭൂമി കൈവിടുന്ന പ്രശ്നമില്ലെന്ന യുക്രൈന്റെ നിലപാടിനെ പ്രസിഡൻറ് ട്രംപ് വിമർശിച്ചു.
സിലിൻസ്കിയുടെ നിലപാടിനോട് താൻ 'വളരെ വളരെ രൂക്ഷമായി വിയോജിക്കുന്നു' എന്നു ട്രംപ് തിങ്കളാഴ്ച്ച വാഷിംഗ്‌ടണിൽ പറഞ്ഞു.
"എനിക്കു സിലിൻസ്കിയുമായി നല്ല ബന്ധമാണുള്ളത്," ട്രംപ് പറഞ്ഞു. "പക്ഷെ അദ്ദേഹം പറഞ്ഞതിനോട് ഞാൻ വിയോജിക്കുന്നു. വളരെ വളരെ രൂക്ഷമായി വിയോജിക്കുന്നു. ഒരിക്കലും ഉണ്ടാവാൻ പാടില്ലാതിരുന്ന യുദ്ധമാണിത്."
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി താൻ നടത്തുന്ന ചർച്ചയിൽ യുക്രൈൻ കുറെ ഭൂമി വിട്ടുകൊടുക്കേണ്ടി വരും എന്നാണ് ട്രംപ് പറഞ്ഞിട്ടുള്ളത്. അത് നടക്കില്ലെന്നു സിലിൻസ്കി തുറന്നു പറഞ്ഞിട്ടുണ്ട്.
"അധിനിവേശ ശക്തിക്കു യുക്രൈൻ ഭൂമി കാഴ്ച്ച വയ്ക്കില്ല, അത് എല്ലാവരും മനസിലാക്കണം. യുക്രൈൻ ജനത സമാധാനം അർഹിക്കുന്നു."
യുദ്ധത്തിനു പോകാൻ ഭരണഘടനാ അനുമതിയുള്ള സിലിൻസ്കി ഭൂമി വിട്ടു കൊടുക്കാൻ അത്തരം അനുമതി വേണമെന്നു പറയുന്നത് മനസിലാകുന്നില്ലെന്നു ട്രംപ് വാദിച്ചു. "കുറെ ഭൂമി ഈ ഒത്തുതീർപ്പിൽ ഉൾപെടും. അത് യുക്രൈനു ഗുണം ചെയ്യും."
യുക്രൈൻ ഡോണെസ്‌ക് മേഖലയിൽ നിന്നു ഒഴിഞ്ഞു പോകണമെന്നാണ് പുട്ടിൻ ആവശ്യപ്പെടുന്നത്. അവിടെ റഷ്യ നിയന്ത്രണം ഏൽക്കും.
സിലിൻസ്കിയെ അലാസ്‌ക ഉച്ചകോടിക്ക് ക്ഷണിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തെയും പുട്ടിനേയും ഒന്നിച്ചിരുത്താം എന്നാണ് ട്രംപിന്റെ പ്രതീക്ഷ.
മോദി പിന്തുണ ഉറപ്പ് നൽകി
തിങ്കളാഴ്ച്ച സിലിൻസ്കിയുമായി ഫോണിൽ സംസാരിച്ച മോദി, സമാധാനപരമായ പരിഹാരം ഉണ്ടാവണമെന്നാണ് ഇന്ത്യയുടെ സ്ഥിരം നിലപാടെന്നു ചൂണ്ടിക്കാട്ടി. മോദി എക്‌സിൽ കുറിച്ചു: "പ്രസിഡന്റ് സിലിൻസ്കിയുമായി സംസാരിച്ചതിൽ സന്തോഷം. സമാധാനപരമായ പരിഹാരത്തിനു ഇന്ത്യ എല്ലാ പിന്തുണയും നൽകും."
പിന്തുണ നൽകിയ മോദിയുടെ ഊഷ്‌മളമായ വാക്കുകൾക്കു സിലൻസ്കി നന്ദി പറഞ്ഞു.
സിലിൻസ്കിയോട് സംസാരിച്ച കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, യുക്രൈൻ ജനതയുടെ താല്പര്യങ്ങൾ മാനിക്കുന്ന ഒത്തുതീർപ്പാണ് ഉണ്ടാവേണ്ടതെന്നു ഊന്നിപ്പറഞ്ഞു. ഇന്ത്യയിൽ നിന്നു വ്യത്യസ്തമായി, റഷ്യയുടെ ആക്രമണത്തെ തുടക്കം മുതൽ എതിർക്കുന്ന രാജ്യമാണ് കാനഡ.