റഷ്യ, ചൈന, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളു മായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണം: വെനസ്വലയ്ക്ക് ട്രംപിന്റെ നിർദേശം

New Update
Y

വാഷിങ്ടൺ: വെനസ്വേലയ്ക്ക് സാമ്പത്തിക-നയതന്ത്ര നിബന്ധനകളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന്റെ കീഴിലുള്ള വെനസ്വേലൻ ഭരണകൂടം റഷ്യ, ചൈന, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള എല്ലാ സാമ്പത്തിക ബന്ധങ്ങളും വിച്ഛേദിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഈ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ രാജ്യത്ത് എണ്ണ ഉത്പാദനം തുടരാൻ അനുവദിക്കൂ എന്നാണ് ട്രംപിന്റെ നിലപാട്.

Advertisment

ദീർഘകാലമായി വെനസ്വേലയുടെ സഖ്യകക്ഷികളായ ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളെ വെനസ്വേലയിൽ നിന്ന് പുറത്താക്കണം. അവരുമായുള്ള സാമ്പത്തിക ഇടപാടുകൾ പൂർണ്ണമായും അവസാനിപ്പിക്കണം. വെനസ്വേലയുടെ എണ്ണ ഉത്പാദനത്തിൽ അമേരിക്കയുമായി മാത്രമേ സഹകരിക്കാവൂ. അസംസ്കൃത എണ്ണ വിൽക്കുമ്പോൾ യുഎസിന് ഒന്നാം പരിഗണന നൽകണം.

വെനസ്വേലയിലെ ഇടക്കാല ഭരണകൂടം 30 ദശലക്ഷം മുതൽ 50 ദശലക്ഷം ബാരൽ വരെ എണ്ണ യുഎസിന് കൈമാറും. ഇത് വിപണി വിലയ്ക്ക് വിൽക്കുമെന്നും, അതിൽ നിന്നുള്ള വരുമാനം (ഏകദേശം 2 ബില്യൺ ഡോളർ) തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ഈ പണം ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ നന്മയ്ക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച യുഎസ് മിന്നൽ ആക്രമണത്തിന് പിന്നാലെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കി നാടുകടത്തിയിരുന്നു. നിലവിൽ ഡെൽസി റോഡ്രിഗസ് ഇടക്കാല ഭരണ ചുമതലയേറ്റെങ്കിലും വെനസ്വേലയുടെ പൂർണ്ണ നിയന്ത്രണം അമേരിക്കയുടെ കൈപ്പിടിയിലാണെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.

അമേരിക്കയുടെ ഉപരോധം കടുപ്പിച്ചതോടെ എണ്ണ സംഭരിക്കാൻ സ്ഥലമില്ലാതെ വെനസ്വേലയിലെ എണ്ണക്കിണറുകൾ അടച്ചുതുടങ്ങിയിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ രാജ്യം കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യം മുതലെടുത്ത് വെനസ്വേലയുടെ എണ്ണസമ്പത്തിന്മേൽ പൂർണ്ണ ആധിപത്യം സ്ഥാപിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.

Advertisment