റഷ്യൻ എണ്ണ വാങ്ങിയാൽ 100% അധിക തീരുവയെന്നു ട്രംപ്; യുദ്ധം നിർത്താൻ പുട്ടിനു 50 ദിവസം നൽകി

New Update
Vfgcgv

യുക്രൈനു നേരെ നടത്തുന്ന ആക്രമണങ്ങൾ റഷ്യ 50 ദിവസത്തിനകം അവസാനിപ്പിച്ചില്ലെങ്കിൽ ആ രാജ്യത്തു നിന്ന് എണ്ണയും ഗ്യാസും യുറേനിയവും വാങ്ങുന്നവർക്കു യുഎസ് 100% അധിക തീരുവ ചുമത്തുമെന്നു പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച്ച താക്കീതു നൽകി.  

Advertisment

യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയാറാവാത്തതിൽ താൻ വളരെ അസന്തുഷ്ടനാണെന്നും ട്രംപ് പറഞ്ഞു. 

നേറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുടെ സാന്നിധ്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. "ഞങ്ങൾ വളരെ വളരെ അസന്തുഷ്ടരാണ്. അതു കൊണ്ട് അതികഠിനമായ തീരുവ ചുമത്തും. 50 ദിവസത്തിനകം യുദ്ധം തീർന്നില്ലെങ്കിൽ അധിക താരിഫ് 100% ആയിരിക്കും.

റഷ്യയ്ക്ക് എതിരെയുള്ള തീരുവ ഇന്ത്യയെയും ബാധിക്കും. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്ന് എനർജി വാങ്ങുന്നത് നിർത്തേണ്ടി വന്നാൽ റഷ്യയ്ക്കു യുദ്ധം തുടരാൻ ആവശ്യമായ പണം ഇല്ലാതെ വരും എന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ.

അങ്ങിനെ വന്നാൽ സമാധാനം ഉണ്ടാക്കാൻ റഷ്യയുടെ മേൽ ചൈനയും സമ്മർദം ചെലുത്തുമെന്നു അദ്ദേഹം പ്രതീക്ഷിക്കുന്നു.

റഷ്യയിൽ നിന്ന് എനർജി വാങ്ങുന്നവർക്കു 500% തീരുവ ചുമത്താനുളള ബിൽ യുഎസ് സെനറ്റിൽ റിപ്പബ്ലിക്കൻ ലിൻഡ്‌സെ ഗ്രെയം നിർദേശിച്ചിട്ടുണ്ട്. 85 പേരുടെ പിന്തുണയുമുള്ള ബില്ലിനെ പിന്തുണച്ച ട്രംപ്, അത്രയും പോകേണ്ടി വരില്ല എന്ന പ്രത്യാശ പ്രകടിപ്പിച്ചു.

റഷ്യൻ എണ്ണ വാങ്ങുന്നതിനെ ഇന്ത്യ ന്യായീകരിച്ചിട്ടുണ്ട്. രാജ്യത്തിൻറെ വികസനത്തിന് അതാവശ്യമാണ്. മാത്രമല്ല, അന്താരാഷ്ട്ര എണ്ണ വിലകൾ ഭദ്രമാക്കാൻ അത് സഹായിക്കയും ചെയ്യുമെന്നു ഇന്ത്യ പറയുന്നു.

റഷ്യൻ എണ്ണ അത്ര വില കുറഞ്ഞതല്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ചൂണ്ടിക്കാട്ടി. ഇന്ത്യ അത് വാങ്ങിയതു കൊണ്ട് ലോക വിപണിയിൽ ബാരലിനു $200 വരെ എത്താമായിരുന്ന എണ്ണ വില നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞു.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തന്നോട് വളരെ നന്നായി സംസാരിക്കാറുണ്ടെന്ന് ട്രംപ് പറഞ്ഞു. "പക്ഷെ രാത്രി അദ്ദേഹം ആക്രമണം ആരംഭിക്കും. നാല് പ്രാവശ്യം റഷ്യ-യുക്രൈൻ കരാറിനു നമ്മൾ സാധ്യത കണ്ടിരുന്നു. പക്ഷെ ആക്രമണം തുടർന്നു കൊണ്ടേയിരുന്നു."

യുക്രൈന്റെ ആകാശ പ്രതിരോധത്തിനു പേട്രിയറ്റ് സംവിധാനം നൽകുമെന്നു ട്രംപ് വെളിപ്പെടുത്തി.

Advertisment