/sathyam/media/media_files/2025/04/07/ZLrFShOqjVt5S9D18y5O.jpg)
സമാധാനത്തിനുള്ള നൊബേൽ സമ്മാനം തേടുമ്പോൾ തന്നെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെനസ്വേലയ്ക്കെതിരെ ആക്രമണ ഭീഷണിയും ഉയർത്തുന്നു. ക്യൂബയ്ക്കും റഷ്യയ്ക്കും സുഹൃത്തായ കമ്മ്യൂണിസ്റ്റ് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ നീക്കം ചെയ്യുക എന്നതാണ് യുഎസിനു ഭീഷണിയായ ലക്ഷ്യമെങ്കിലും ലഹരി മരുന്നിനെതിരായ യുദ്ധമാണിതെന്ന് അദ്ദേഹം വാദിക്കുന്നു.
ലഹരി ഭീകര സംഘടന എന്നാണ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ വെനസ്വേലയിലെ കാർട്ടൽ ഡി ലോസ് സോളസിനെ വിളിച്ചത്. അതിന്റെ തലവൻ മഡുറോ ആണെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇറാഖ്, അഫ്ഘാനിസ്ഥാൻ അനുഭവങ്ങൾ ഉയർത്തിക്കാട്ടി ട്രംപിന്റെ 'മാഗാ' അനുഭാവികൾ യുഎസ് സേനയെ വിദേശത്തേക്ക് അയക്കുന്നതിനെ എതിർക്കുന്നു.
തത്കാലം നാവിക സേനയെയും വ്യോമസേനയെയും കാട്ടി വിരട്ടി നോക്കുകയാണ് ട്രംപ്. മഡുറോ അതിലൊന്നും വിരളുന്ന കക്ഷിയല്ല. അപ്പോൾ ഭരണമാറ്റത്തിന് ബലപ്രയോഗം നടത്താൻ ലഹരി ഭീഷണി ചൂണ്ടിക്കാട്ടി ഒരാക്രമണത്തിനു ട്രംപ് മടിക്കില്ലെന്നു കരുതണം.
കരയുദ്ധം ഉണ്ടാവുമോ എന്നു തിങ്കളാഴ്ച്ച ഒരു റിപ്പോർട്ടർ ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞത് "ഞാനതു തള്ളിക്കളയുന്നില്ല" എന്നാണ്. "ഞാൻ ഒന്നും തള്ളിക്കളയുന്നില്ല" എന്നു കൂട്ടിച്ചേർക്കുകയും ചെയ്തു.
യുഎസിന്റെ ഏറ്റവും വലിയവിമാനവാഹിനി ജറാൾഡ് ഫോർഡ് കരീബിയനിലേക്കു നീക്കിയിട്ടുണ്ട്. വെനസ്വേലയെ എത്തിപ്പിടിക്കാവുന്ന ദൂരത്തിൽ. ഏതാണ്ട് 15,000 സൈനികരെ ആ മേഖലയിലേക്ക് നിയോഗിച്ചു കഴിഞ്ഞു. ചാരപ്പണിക്കും വേണ്ടി വന്നാൽ മിസൈൽ വിക്ഷേപണത്തിനുമായി ഡ്രോണുകൾ പറക്കുന്നു.
വെനസ്വേലയുടെ ഉള്ളിൽ കടന്നു കൊള്ളാൻ സി ഐ എയ്ക്കു അനുമതി നൽകിയതായി ട്രംപ് കഴിഞ്ഞയാഴ്ച്ച പറഞ്ഞു.
വെനസ്വേല ജയിലുകൾ തുറന്നു ക്രിമിനലുകളെ മുഴുവൻ യുഎസിലേക്ക് അഴിച്ചു വിട്ടെന്ന് അദ്ദേഹം ആരോപിച്ചിട്ടുണ്ട്. അതിനു പുറമെയാണ് അവിടന്നു ഗണ്യമായ തോതിൽ ലഹരി വരുന്നു എന്ന ആരോപണം.
ഈ ബഹളത്തിനൊക്കെ ഇടയിൽ തന്നെ മഡുറോയുമായി സംസാരിക്കാൻ തയാറാണെന്നു കൂടി ട്രംപ് പറഞ്ഞു.സമാധാനത്തിൽ താൽപര്യമുണ്ടെന്ന സന്ദേശം മഡുറോ നൽകിയിട്ടുമുണ്ട്.
ലഹരി വിരുദ്ധ യുദ്ധം എന്ന പേരിൽ വെനസ്വേലയുടെയും കൊളംബിയയുടെയും ബോട്ടുകൾ ആക്രമിക്കുന്നത് പതിവായി. സെപ്റ്റംബറിനു ശേഷം 22 ബോട്ടുകൾ തകർത്തു 80ലേറെ ആളുകളെ കൊന്നു. അവരെല്ലാം ലഹരി കടത്തുകാർ ആണെന്നാണ് ട്രംപിന്റെ ഭാഷ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us