/sathyam/media/media_files/2025/09/18/donald-trump-2025-09-18-09-07-57.jpg)
അമെരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം ഉറപ്പാക്കുന്ന ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം യുഎസ് സുപ്രീം കോടതിയില്‍. ഈ വിഷയത്തില്‍ പ്രസിഡന്‍റിന്‍റെ എക്സിക്യൂട്ടീവ് ഓര്‍ഡറിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നാണ് ട്രംപിന്‍റെ ആവശ്യം.
14ാം ഭേദഗതി പ്രകാരം അമെരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം ലഭിക്കുമെന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു തെറ്റിദ്ധാരണയാണ് എന്ന് ട്രംപ് ഭരണകൂടം സുപ്രീം കോടതിയില്‍ വാദിച്ചു. ഈ തെറ്റിദ്ധാരണ വിനാശകരമായ പ്രത്യാഘാതങ്ങളോടെ അമെരിക്കയിലെങ്ങും വ്യാപകമായെന്നും ഭരണകൂടം വാദിച്ചു.
അനധികൃത കുടിയേറ്റക്കാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം നിഷേധിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുളള് ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ വന്ന കീഴ്ക്കോടതികളുടെ വിധികള്‍ക്ക് എതിരെയാണ് ഭരണകൂടം അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് അമെരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം അനുവദിച്ചാല്‍ അതും അനധികൃതമാകുമെന്നും ഇതുമായി ബന്ധപ്പെട്ട കീഴ്ക്കോടതികളുടെ തീരുമാനങ്ങള്‍ പ്രസിഡന്‍റിനും ഭരണകൂടത്തിനും അതീവ പ്രാധാന്യമുള്ള ഒരു നയത്തെ അസാധുവാക്കിയെന്നും ഈ അനുമതി അമെരിക്കയുടെ അതിര്‍ത്തി സുരക്ഷയ്ക്ക് തുരങ്കം വയ്ക്കുന്നതായും ഭരണകൂടത്തിന്‍റെ ഉന്നത അപ്പീല്‍ അഭിഭാഷകന്‍ സോളിസിറ്റര്‍ ജനറല്‍ ഡി. ജോണ്‍ സൗവര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു.
ഇത്തരം കീഴ്ക്കോടതി വിധികള്‍ നിയമപരമായ യാതൊരു ന്യായീകരണവുമില്ലാതെ അയോഗ്യരായ ലക്ഷക്കണക്കിന് ആളുകള്‍ക്ക് അമെരിക്കന്‍ പൗരത്വ പദവി നല്‍കുന്നതായും അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കി.ട്രംപിന്‍റെ ഈ നീക്കം അമെരിക്കയിലെ കുടിയേറ്റ നിയമങ്ങളിലും പൗരത്വ വിഷയങ്ങളിലും വലിയ രാഷ്ട്രീയ~നിയമപരമായ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്.