വാഷിങ്ടണ്‍: റഷ്യയോട് അതൃപ്തി പ്രകടിപ്പിച്ച് യുഎസ്. യുക്രെയ്ന്‍ യുദ്ധത്തെ കുറിച്ചു സംസാരിക്കാനായി റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനു ശേഷമാണ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തന്‍റെ അതൃപ്തി അറിയിച്ചത്.
പുടിനുമായുള്ള സംഭാഷണത്തിനു ശേഷം താന്‍ വളരെ അസന്തുഷ്ടനാണെന്നും പുടിന്‍ ആളുകളെ കൊല്ലുന്നതു തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം റഷ്യയ്ക്ക് എതിരേയുള്ള ഉപരോധങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ തയാറായേക്കും എന്നും ട്രംപ് സൂചന നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എയര്‍ഫോഴ്സ് വണ്ണില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് ഇങ്ങനെ പറഞ്ഞു:
''വളരെ ദുഷ്കരമായ സാഹചര്യമാണ് ഉള്ളത്. പ്രസിഡന്‍റ് പുടിനുമായുള്ള എന്‍റെ ഫോണ്‍ സംഭാഷണത്തില്‍ എനിക്ക് വളരെ അതൃപ്തിയുണ്ടെന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞിരുന്നു. അയാള്‍ക്ക് ഏതറ്റം വരെയും പോകണം. അളുകളെ കൊല്ലുന്നതു തുടരണം. അത് നല്ലതല്ല.''
കഴിഞ്ഞ ആറു മാസത്തോളമായി യുദ്ധം അവസാനിപ്പിക്കാന്‍ പുടിനോട് ആവശ്യപ്പെട്ടെങ്കിലും അതിന് അവര്‍ തയാറാകുന്നില്ലെന്നും ഇതു തുടര്‍ന്നാല്‍ റഷ്യയ്ക്കെതിരായ ഉപരോധങ്ങള്‍ കര്‍ശനമാക്കുന്നതിനെ കുറിച്ചു തനിക്കു തീരുമാനിക്കേണ്ടി വരുമെന്നും ട്രംപ് സൂചിപ്പിച്ചു.
ഒപ്പം ഉപരോധങ്ങളെ കുറിച്ചു തങ്ങള്‍ സംസാരിച്ചിരുന്നെന്നും അതു വരാന്‍ സാധ്യതയുണ്ട് എന്ന് പുടിനു മനസിലാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. റഷ്യയ്ക്കെതിരെയുള്ള യുദ്ധത്തില്‍ യുക്രെയ്നുള്ള സൈനിക സഹായം തടഞ്ഞതിനെ കുറിച്ചുളള ചോദ്യത്തിന് വെള്ളിയാഴ്ച യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ലോഡിമിര്‍ സെലന്‍സ്കിയുമായി ചര്‍ച്ച നടത്തിയെന്നും വളരെ തന്ത്രപരമായ തീരുമാനം ഉണ്ടായതായും ട്രംപ് മറുപടി നല്‍കി. യുഎസ് സഹായം നിലച്ചു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ റഷ്യ, യുക്രെയ്നിനു നേരെ ഇന്നു വരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഡ്രോണ്‍ മിസൈല്‍ ആക്രമണമാണ് നടത്തിയത്.
യുഎസുമായുള്ള ചര്‍ച്ചയ്ക്കു ശേഷവും റഷ്യ ആക്രമണം കടുപ്പിച്ചതോടെ യുഎസ് സഹായം വാഗ്ദാനം ചെയ്തതായി സെലന്‍സ്കി വെളിപ്പെടുത്തി. യുഎസിന്‍റെ ചരിത്രത്തില്‍ തന്നെ റഷ്യയുമായി ഏറ്റവും കൂടുതല്‍ അടുപ്പം കാണിച്ച പ്രസിഡന്‍റാണ് ഡോണള്‍ഡ് ട്രംപ്. പല കാര്യങ്ങളിലും അമെരിക്കന്‍ പൊതുബോധത്തെപ്പോലും ഞെട്ടിച്ച് പുടിനും റഷ്യയ്ക്കും ട്രംപ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് റഷ്യ~യുക്രെയ്ന്‍ യുദ്ധത്തില്‍ യുക്രെയ്ന് ഉള്ള സൈനിക സഹായ വിതരണത്തില്‍ നിന്നും യുഎസ് പിന്മാറിയത്. ഇതിനു പിന്നാലെ റഷ്യ, യുക്രെയ്നിലേയ്ക്ക് ശക്തമായ ഡ്രോണ്‍~മിസൈല്‍ ആക്രമണവും നടത്തി.