ഇറാൻ ആയിരുന്നു തനിക്കെതിരെ നടന്ന രണ്ടു വധശ്രമങ്ങളുടെയും പിന്നിലെന്നു കരുതുന്നതായി ഡൊണാൾഡ് ട്രംപ്. വധശ്രമം നടത്തിയവരുടെ ഫോണുകൾ പരിശോധിച്ച് എഫ് ബി ഐ അക്കാര്യം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പെൻസിൽവേനിയയിലെ ബട്ട്ലറിൽ ജൂലൈ 13നു ട്രംപിനെ വെടിവച്ച തോമസ് മാത്യു ക്രൂക്സ് എന്ന യുവാവിനെ സീക്രട്ട് സർവീസ് വെടിവച്ചു കൊന്നിരുന്നു. ഫ്ലോറിഡയിൽ ട്രംപിന്റെ ഗോൾഫ് കോഴ്സിൽ തോക്കുമായി എത്തിയ റയാൻ റൗത്ത് പോലീസ് കസ്റ്റഡിയിലാണ്."എന്റെ ജീവനു നേരെ രണ്ടു ശ്രമങ്ങൾ ഉണ്ടായി," ട്രംപ് പറഞ്ഞു. "ഇറാൻ അതിൽ ഉൾപെട്ടിരിക്കാം, ഇല്ലെന്നും വരാം. എനിക്കത്ര ഉറപ്പില്ല," നോർത്ത് കരളിനയിലെ മിന്റ് ഹില്ലിൽ നടന്ന റാലിയിൽ ട്രംപ് പറഞ്ഞു.
ഡയറക്‌ടർ ഓഫ് നാഷനൽ ഇന്റലിജൻസ് (ഡി എൻ ഐ) ഓഫിസിൽ നിന്നു ചൊവാഴ്ച മുൻ പ്രസിഡന്റിനു നൽകിയ വിവരം അനുസരിച്ചു അദ്ദേഹത്തെ വധിക്കാൻ ഇറാൻ 'യഥാർഥവും വ്യക്തവുമായ' പദ്ധതി ആസൂത്രണം ചെയ്തിരുന്നു. യുഎസിൽ അരാജകത്വം സൃഷ്ടിക്കാൻ ആയിരുന്നു അവരുടെ നീക്കം.ഇറാന്റെ പരിപാടി നടന്നില്ലെന്നു അതിനു ശേഷം ട്രംപ് പറഞ്ഞു.
ക്രൂക്സ് ഉപയോഗിച്ച മൂന്നു വിദേശനിർമിത ആപ്പുകൾ തുറക്കാൻ എഫ് ബി ഐക്കു കഴിഞ്ഞില്ലെന്നു ട്രംപ് റാലിയിൽ പറഞ്ഞു.ക്രൂക്സിന്റെ രണ്ടു ഫോണുകൾ എഫ് ബി ഐ കണ്ടെടുത്തിരുന്നു. ബെൽജിയം, ന്യൂ സിലൻഡ്, ജർമ്മനി എന്നിവിടങ്ങളിൽ ഉള്ള മെസേജിങ് അക്കൗണ്ടുകൾ അവയിൽ ഉണ്ടായിരുന്നുവെന്നു റെപ്. മൈക്കൽ വാൾസ് (റിപ്പബ്ലിക്കൻ--ഫ്ലോറിഡ) കഴിഞ്ഞ മാസം പറഞ്ഞു. അവ തുറക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ലെന്നു സി ബി എസ് റിപ്പോർട്ട് ചെയ്തു.
റൗത്തിന്റെ കാറിൽ നിന്നു കണ്ടെടുത്ത എല്ലാ ഫോണുകളും എഫ് ബി യ്ക്കു കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു. "കൊലയാളിക്കു കാറിൽ ആറു സെൽ ഫോണുകൾ ഉണ്ടായിരുന്നു. അവ തുറക്കാൻ എഫ് ബി ഐക്കു കഴിഞ്ഞില്ല. അതത്ര ബുദ്ധിമുട്ടാണോ?"അവർക്കും എനിക്കും രാജ്യത്തിന് ഒട്ടാകെയും ഒരു പക്ഷെ ലോകത്തിനും അറിയാൻ ആഗ്രഹമുണ്ടാവും ആരെയാണ് അയാൾ വിളിച്ചിരുന്നതെന്ന്."ആപ്പിളിന്റെ സഹായത്തോടെ ആ 'കിറുക്കന്റെ' ആറു ഫോണുകളും ഉടൻ തുറക്കണമെന്നു ട്രംപ് പറഞ്ഞു."ഒരു ഭീഷണിയും എന്നെ തടയില്ല.
ഒരു ശത്രുവിനും എന്നെ പിന്തിരിപ്പിക്കാൻ ആവില്ല.” ബട്ട്ലറിൽ റാലി നടത്തുംആദ്യ വധ ശ്രമം നടന്ന ബട്ട്ലറിൽ ഒക്ടോബർ 5നു ട്രംപ് റാലി നടത്തുമെന്നു കാമ്പയ്ൻ അറിയിച്ചു. ബട്ട്ലർ ഫാം ഷോ ഗ്രൗണ്ട്സിൽ വീണ്ടും പോകുമെന്നു ട്രംപ് പലകുറി പറഞ്ഞിരുന്നു.