ഹാരിസിനെയും അവരിൽ നിന്നു പണം വാങ്ങിയവരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നു ട്രംപ്

New Update
Gfgcdf

2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി കമലാ ഹാരിസിനെ എൻഡോഴ്സ് ചെയ്യാൻ സെലിബ്രിറ്റികൾ മില്യൺ കണക്കിനു ഡോളർ വാങ്ങിയെന്നും അവരെ പ്രോസിക്യൂട്ട് ചെയ്യേണ്ടതാണെന്നും പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അഭിപ്രായപ്പെട്ടു.

Advertisment

ഗായിക ബിയോൺസ്, ഓപ്ര വിൻഫ്രി, അൽ ഷാർപ്റ്റൺ തുടങ്ങിയവർക്കു ഹാരിസ് പണം കൊടുത്തെന്നും അത് നിയമവിരുദ്ധമാണെന്നും ട്രംപ് ആവർത്തിച്ചു. "കമലയും പണം വാങ്ങിയവരും നിയമം ലംഘിച്ചു. അവരെയെല്ലാം പ്രോസിക്യൂട്ട് ചെയ്യണം."

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ട്രംപിനെ ബന്ധപ്പെടുത്തുന്ന ആരോപണങ്ങൾ ആളിക്കത്തുന്നതിനിടയിൽ ആ വിവാദത്തിൽ നിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുന്നു എന്നാണ് വ്യാഖ്യാനം. മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയ്‌ക്കെതിരെ ദേശദ്രോഹം ആരോപിച്ച ട്രംപ് അഞ്ചു ദിവസത്തെ ഒഴിവിനു സ്കോട്ലൻഡിലേക്കു പോയെങ്കിലും എപ്‌സ്റ്റീൻ വിവാദം കെട്ടടങ്ങുന്ന സൂചനയൊന്നുമില്ല.

പണം വാങ്ങിയിട്ടില്ലെന്നു ഓപ്ര പറഞ്ഞപ്പോൾ ബിയോൺസിന് പണം നല്കിയില്ലെന്നു ഹാരിസ് തന്നെ പറഞ്ഞിരുന്നു.

തനിക്കെതിരെ ട്രംപ് ആരോപണം കൊണ്ടുവന്നത് എപ്‌സ്റ്റീൻ വിവാദത്തിൽ നിന്നു ശ്രദ്ധ തിരിക്കാനാണെന്ന് ഒബാമ പ്രതികരിച്ചിരുന്നു.  

അത്തരം ശ്രദ്ധ തിരിക്കൽ ട്രംപിന്റെയും കൂട്ടരുടെയും സ്ഥിരം നയമാണെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എപ്‌സ്റ്റീനെ മറക്കാനാണ് ട്രംപ് മാധ്യമങ്ങളോടും ജനങ്ങളോടും നിർദേശിക്കുന്നത്.

അടുത്തിടെ റോയിട്ടേഴ്‌സ്/ഇപ്‌സോസ് നടത്തിയ സർവേയിൽ കണ്ടത് ട്രംപ് ഭരണകൂടം എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചു വയ്ക്കുന്നു എന്നു ജനങ്ങൾ ചിന്തിക്കുന്നു എന്നാണ്. കഴിഞ്ഞയാഴ്ച്ച അദ്ദേഹത്തിന്റെ ജനപിന്തുണ വീണ്ടും ഇടിഞ്ഞതായാണ് പോളുകൾ കാണിക്കുന്നത്. റിയൽക്ലിയർപൊളിറ്റിക്സ് ആവറേജിൽ അദ്ദേഹത്തിനു തൊഴിൽ മികവില്ല എന്നു പറയുന്നവർ 52.7% ആയി.

Advertisment